

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി ഡല്‍ഹി കോടതി തള്ളി. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരിയായ 25കാരനായ ഓംകരേശ്വര്‍ താക്കൂറിന്റെ കുറ്റം ഗൗരവമുള്ളതാണെന്നും കേസിന്റെ ഈ സ്വഭാവത്തെ കോടതിക്ക് അവഗണിക്കാനാവില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. മെട്രോപോലിറ്റന്‍ മജിസ്ട്രേറ്റ് വസുന്ധര ചൗന്‍കറാണ് താക്കൂറിന്റെ ജാമ്യഹരജി തള്ളിയത്.

സാങ്കേതികവിദ്യയുടെ ദുരുപയോഗവും ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിസാരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭ ഘട്ടത്തിലാണെന്നും സമയവും അധ്വാനവുമെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐ എഫ് എസ് ഒ യൂണിറ്റ് ഇന്‍ഡോറിലാണ് താക്കൂറിനെ അറസ്റ്റ് ചെയ്തത്.

രാജ്യത്തുടനീളം നിരവധി പരാതികള്‍ സുള്ളി ഡീല്‍സ് ആപിനെതിരെ ലഭിച്ചിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രധാനപ്പെട്ട തെളിവുകളും ആപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്കുന്നത് അന്വേഷണത്തിന് തടസ്സമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുസ്ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെക്കുന്ന ബുള്ളി ഭായ് എന്ന ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്ണോയ് അറസ്റ്റിലായതിന് പിന്നാലെയാണ് സുള്ളി ഭായ് ആപ് നിര്‍മാതാവ് താക്കൂറും അറസ്റ്റിലായത്. നീരജില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓംകരേശ്വര്‍ താക്കൂറിന്റെ അറസ്റ്റ്.
2021 ജൂലൈയിലാണ് മുസ്ലിം സ്ത്രീകളെ വില്‍പനക്കായി ലേലത്തില്‍ വെക്കുന്ന രീതിയില്‍ സൃഷ്ടിച്ച ബുള്ളി ഭായ് ആപ്പ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോം വഴി ഉണ്ടാക്കിയത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം ആണ് ഗിറ്റ്ഹബ്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറ് മാസമായി ഡല്‍ഹി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബുള്ളി ഭായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്ണോയിയും സുള്ളി ഡീല്‍സിന്റെ സൃഷ്ടാവ് ഓംകരേശ്വര്‍ താക്കൂറും ഇന്റര്‍നെറ്റിലെ വിര്‍ച്വല്‍ ചാറ്റ് റൂമുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നീരജ് ബിഷ്ണോയിയുടെ ജാമ്യഹരജിയും ഡല്‍ഹി കോടതി തള്ളിയിരുന്നു.

