

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മൂന്ന് കൊലക്കേസുകളില്‍ മുഖ്യപ്രതി ജോളി നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതി തള്ളി.

ആല്‍ഫൈന്‍, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു എന്നിവരെ വധിച്ചുവെന്ന കേസില്‍ ജോളിക്കായി നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അന്നമ്മ തോമസിനെ വധിച്ചുവെന്ന കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യം സുപ്രിം കോടതി സ്റ്റേ ചെയ്തതാണെന്നും മറ്റു ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരത്തെ തള്ളിയതാണെന്നുമുള്ള സെ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ കൂടത്തായി കൂട്ടക്കൊലക്കേസില്‍ നാലാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ ഫൊറന്‍സിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ കോടതി അംഗീകരിച്ചു.
പൊന്നാമറ്റത്തില്‍ ടോം തോമസ്, അല്‍ഫൈന്‍, മഞ്ചാടിയില്‍ മാത്യു അന്നമ്മ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദില്‍ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധനക്കയക്കണമെന്ന ആവശ്യമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്. കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ ഭര്‍ത്താവ് റോയ്‌തോമസ്, രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ ശരീരത്തില്‍ സയനൈഡ് അവശിഷ്ടങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ മരിച്ച മറ്റ് നാലുപേരുടെ അവശിഷ്ടത്തില്‍ വിഷാംശം കണ്ടെത്തിയില്ല. അതിനാല്‍ അത്യാധുനിക സംവിധാനമുള്ള കേന്ദ്രലാബില്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദമാണ് അംഗീകരിച്ചത്.

