

ദോഹ: പതിഞ്ഞ താളത്തില്‍ തുടങ്ങി സംഗീതത്തിന്റെ മാസ്മര ലോകത്തേക്ക് ആസ്വാദകരെ കൈപിടിച്ചുയര്‍ത്തിയ ഖവാലി സംഗീതനിശ അല്‍ അറബി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിന് നവ്യാനുഭവമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പത്തൊന്‍പത് നാള്‍ നീണ്ടുനിന്ന ആസാദി ക അമൃത് മഹോത്സവ് സ്വ്ാതന്ത്ര്യ ദിനാഘോഷങ്ങളുടെ സമാപന വേദിയിലാണ് വശ്യമായ സൂഫി സംഗീതത്തിന്റെ ഈരടികളിലൂടെ പ്രശസ്ത ഖവാലി ഗായകന്‍ ഡാനിഷ് ഹുസൈന്‍ ബദയുനിയും സംഘവും വിസ്മയം തീര്‍ത്തത്.

അല്‍ അറബി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസി കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ അരങ്ങിന് മിഴിവേകി. ഇന്ത്യന്‍ തനിമയുടെ നൃത്തച്ചുവടുകളും വിവിധ ഭാഷാ ഗാനങ്ങളുടെ ആലാപനങ്ങളും ശ്രദ്ധേയമായി. ജയന്‍ ഓര്‍മ്മയുടെ മാജിക് ഷോയും ലൈവ് ഓര്‍ക്കസ്ട്രയും വേറിട്ട അനുഭവമായി. വിവിധ രുചിഭേദത്തിലുള്ള ഫുഡ് കോര്‍ട്ടുകളും ഫാഷന്‍, ക്രാഫ്റ്റ് സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.
