
കൊച്ചി: വിദേശ എംബസികളും ഇന്ത്യന്‍ മിഷനുകളും വിസ നടപടികള്‍ വൈകിപ്പിക്കുന്നതും യാത്രാ സീസണില്‍ വിമാന ടിക്കറ്റ് ലഭ്യതയിലെ തടസ്സങ്ങളും കാരണം മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി കെ എം ടി എഫ് എഫ് (കേരള മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റേഴ്‌സ് ഫോറം).

പുതുതായി സ്ഥാനമേറ്റ കെ എം ടി എഫ് എഫ് ഭാരവാഹികളെ അനുമോദിക്കാന്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രി സംഘടിപ്പിച്ച യോഗത്തിലാണ് അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചത്.

കേരളത്തില്‍ സ്‌പെഷ്യലൈസ്ഡ് ചികിത്സ തേടുന്ന അന്താരാഷ്ട്ര രോഗികളുടെ വരവിനെ ഈ തടസ്സങ്ങള്‍ നന്നായി ബാധിക്കുന്നുവെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ലേക്‌ഷോര്‍ എം ഡി എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിസ പ്രക്രിയകള്‍ സുഗമമാക്കുന്നതിനും വൈദ്യ പരിചരണത്തിനുള്ള മുന്‍നിര ലക്ഷ്യസ്ഥാനമായി കേരളത്തിനെ നിലനിര്‍ത്തുന്നതിനും എംബസികളുമായും യാത്രാ ഫെസിലിറ്റേറ്റര്‍മാരുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും കെ എം ടി എഫ് എഫ് ഭാരവാഹികള്‍ ഊന്നിപ്പറഞ്ഞു.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങളില്‍ ഏകോപനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി, കൊച്ചിന്‍ സോണ്‍ കമ്മിറ്റി, കാലിക്കറ്റ് സോണ്‍ കമ്മിറ്റി എന്നിവ പുതുതായി രൂപീകരിച്ചു.
ഡോ. കെ എ. അബൂബക്കര്‍, നൗഫല്‍ ചാക്കേരി, അയൂബ് പി എച്ച് എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സംസ്ഥാന കമ്മിറ്റിയെ നയിക്കും. കൊച്ചിന്‍ സോണ്‍ കമ്മിറ്റിയില്‍ അബ്ദുല്‍ റസാഖ് (പ്രസിഡന്റ്), ഷക്കീല സുബൈര്‍ (സെക്രട്ടറി), റിയാസ് വി എ (ട്രഷറര്‍), കാലിക്കറ്റ് സോണ്‍ കമ്മിറ്റിയില്‍ നിയാസ് പി (പ്രസിഡന്റ്), ഫൈസല്‍ എ ടി (സെക്രട്ടറി), സമീര്‍ എ കെ (ട്രഷറര്‍) എന്നിവരും ഉള്‍പ്പെടുന്നു.

