ഡിജിറ്റല്‍ ഡാറ്റ സംരക്ഷണം ഗൗരവമായി കാണണം: ജസ്റ്റിസ് ഗോപിനാഥ് പി

Web Desk
2 Min Read

കൊച്ചി: ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയുടെ പ്രാധാന്യം ബിസിനസ് സമൂഹവും പൊതുജനങ്ങളും ഗൗരവമായി മനസ്സിലാക്കണമെന്ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോപിനാഥ് പി പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയിലെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രിം കോടതിയുടെ വിധി ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിന്റെ പ്രധാന അടിത്തറകളിലൊന്നായി കാണാമെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമവും ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമവും തമ്മിലുള്ള പരസ്പരബന്ധവും ഏറെ പ്രസക്തമാണ്. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും പൊതുതാത്പര്യത്തിന്റെ പേരിലുള്ള വിവരാവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥ ഭാവിയില്‍ നിയമതര്‍ക്കങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ‘ഐ അഗ്രി’ എന്നതില്‍ എളുപ്പത്തില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്ന പ്രവണത അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ടാക്ട് ലിസ്റ്റ്, ഫോട്ടോകള്‍ തുടങ്ങിയവയിലേക്ക് ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഉപയോക്താക്കള്‍ മനസ്സിലാക്കണമെന്നും ജസ്റ്റിസ് ഗോപിനാഥ് പി മുന്നറിയിപ്പ് നല്‍കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകളിലേക്ക് ഫോട്ടോകളും വ്യക്തിപരമായ വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതിലും ജാഗ്രത വേണം. എ ഐയോട് ചോദിക്കുന്ന വ്യക്തിപരമായ ചോദ്യങ്ങളിലൂടെ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നതെന്നും അവ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരിശോധിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ എ ഐ സേവനങ്ങളുടെ ഉപയോഗവും ഇതിന്റെ ഭാഗമാണ്.

- Advertisement -
Ad image

ഉപഭോക്താക്കളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും വിലയിലും മറ്റും വ്യത്യാസമുണ്ടാകാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോഗിക്കുന്ന ഉപകരണം, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പോലും ഡിജിറ്റല്‍ ലോകത്ത് നിര്‍ണായക ഘടകങ്ങളായി മാറിയിരിക്കുകയാണ്.

ഡിജിറ്റല്‍ രൂപയിലേക്കുള്ള നീക്കവും ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകളിലൂടെ വ്യക്തികളുടെ വാങ്ങലുകളെയും ഉപയോഗ രീതികളെയും കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യും എന്നതില്‍ വ്യക്തത ആവശ്യമാണ്.

ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം ബിസിനസ് സമൂഹം ഇപ്പോഴുതന്നെ പഠിക്കുകയും അതിന്റെ വ്യവസ്ഥകള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രധാന നിയമനിര്‍മാണങ്ങളിലൊന്നായ ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജസ്റ്റിസ് ഗോപിനാഥ് പി കൂട്ടിച്ചേര്‍ത്തു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ എം എ ലീഗല്‍ അഫയേഴ്സ് ചെയര്‍മാന്‍ അഡ്വ. ജോയ് തട്ടില്‍ സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!