സര്‍ക്കാര്‍ വകുപ്പുകളും ആര്‍ക്കിടെക്റ്റുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും: മന്ത്രി പി സി വിഷ്ണുനാഥ്

Web Desk
2 Min Read

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളും ആര്‍ക്കിടെക്ചര്‍ മേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. പദ്ധതികളുടെ മിനിമം ഫീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കിടെക്റ്റുകള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ ഐ എ) കേരള ചാപ്റ്ററിന്റെ 2026- 28 കാലയളവിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

city exchange

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനോഹരമായ കെട്ടിടങ്ങളും ഇടങ്ങളും സൃഷ്ടിച്ച് ആര്‍ക്കിടെക്റ്റുകള്‍ സമൂഹത്തിന് വിലപ്പെട്ട സംഭാവനകളാണ് നല്‍കുന്നത്. സംസ്ഥാനത്തെ കൂടുതല്‍ മനോഹരമാക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി സംഘടനയിലെ അംഗങ്ങള്‍ നിരവധി ആകര്‍ഷകമായ നിര്‍മിതികള്‍ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് വലിയ മൂല്യം പകരുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള കലാകാരന്മാരാണ് ആര്‍ക്കിടെക്റ്റുകളെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കിടെക്ചര്‍ മേഖലയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തേണ്ട മന്ത്രാലയങ്ങളിലൊന്നാണ് തന്റേതെന്ന് മന്ത്രി വ്യക്തമാക്കി. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആര്‍ക്കിടെക്റ്റുകളുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ടൂറിസം മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അതത് പ്രദേശങ്ങളുടെ സംസ്‌കാരം, ചരിത്രം, ജീവിതരീതി എന്നിവ പ്രതിഫലിക്കണം. കെട്ടിടങ്ങള്‍ കാഴ്ചയില്‍ ആകര്‍ഷകമായിരിക്കുന്നതിനൊപ്പം സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളണം. ഇത്തരം പദ്ധതികള്‍ കൂട്ടായ ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ആര്‍ക്കിടെക്ചര്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാകണമെന്ന് ഐ ഐ എ കേരള ചാപ്റ്ററിന്റെ പുതിയ ചെയര്‍പേഴ്സണ്‍ മോണോലിത ചാറ്റര്‍ജി വ്യക്തമാക്കി. സമൂഹത്തിന്റെ നന്മ, തൊഴില്‍മേഖലയുടെ പുരോഗതി, ആര്‍ക്കിടെക്ചര്‍ സമൂഹത്തിന്റെ ക്ഷേമം എന്നിവയാണവ. കൂടുതല്‍ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മനോഹരവുമായ കേരളം സൃഷ്ടിക്കുന്നതിനായി സര്‍ക്കാരുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

ഐ ഐ എ കേരള ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്സണ്‍ വിനോദ് സിറിയക്ക് അധ്യക്ഷത വഹിച്ചു. ഇതിനു മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. മുന്‍ എം എല്‍ എയും ഐ ഐ എ ഓണററി ഫെലോയുമായ എ പ്രദീപ് കുമാര്‍, ഐ ഐ എ ദേശീയ ട്രഷറര്‍ ബി സുധീര്‍ എന്നിവരും സംസാരിച്ചു.

ഐ ഐ എ കേരള ചാപ്റ്ററിന്റെ യൂട്യൂബ് ചാനലില്‍ പൈതൃക രേഖീകരണ വീഡിയോ പുറത്തിറക്കിയതും ആര്‍ക്കിടെക്റ്റ്സ് വെല്‍ബീയിങ് പരിപാടിക്ക് തുടക്കം കുറിച്ചതും ചടങ്ങിന്റെ ഭാഗമായി നടന്നു.

Share This Article
Leave a Comment
error: Content is protected !!