ഹനിയയെ വധിക്കാന്‍ രണ്ടു മാസം മുമ്പേ മുറിയില്‍ ബോംബ് സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട്

Web Desk
2 Min Read

ടെഹ്‌റാന്‍: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വധിക്കാന്‍ ഇസ്രായേല്‍ രണ്ടു മാസം മുമ്പേ മുറിയില്‍ ബോംബ് സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി ഉപയോഗിക്കുന്ന മുറിയില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് ഹമാസ് നേതാവിന്റെ ജീവനെടുത്തതെന്നാണ് യു എസിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

city exchange

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തശേഷം ടെഹ്‌റാനിലെ താമസ സ്ഥലത്ത് മടങ്ങിയെത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്.
വ്യോമാക്രമണം നടത്തിയാണ് ഹനിയയെ വധിച്ചതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് ഹനിയ വധം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് നടപ്പാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖത്തര്‍ കേന്ദ്രമായാണ് പാലസ്തീന്‍ നേതാവ് പ്രവര്‍ത്തിച്ചിരുന്നത്. ഇദ്ദേഹം മറ്റേതെങ്കിലും വിദേശ രാജ്യത്തെത്തുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി താമസിച്ചിരുന്നത് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സമുച്ചയത്തിലായിരുന്നു. ഇവിടെയാണ് ഇറാന്‍ സേനയുടെ സുപ്രധാന യോഗങ്ങള്‍ നടക്കാറുള്ളത്. ഇറാനിലെത്തുന്ന പ്രധാന അതിഥികളെ ഇറാന്‍ താമസിപ്പിച്ചിരുന്നതും ഇവിടെയായിരുന്നു.

ഹനിയ ഉപയോഗിച്ചിരുന്ന മുറിയില്‍ രണ്ടു മാസം മുമ്പേ ബോംബ് സ്ഥാപിക്കുകയും അദ്ദേഹം എത്തിയപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നു. സ്‌ഫോടനത്തില്‍ ഹനിയയും അംഗരക്ഷകനും കൊല്ലപ്പെട്ടു. മുറിയുടെ ഭിത്തിയും ജനാലകളും തകര്‍ന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ഇതിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണ് ആന്റണി ബ്ലിങ്കന്‍ പറയുന്നത്.

- Advertisement -
Ad image

ഇറാന്റെ സുരക്ഷാ സംവിധാനങ്ങളിലും ചാരന്മാരെ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ഏജന്‍സിക്കു കഴിഞ്ഞുവെന്നതാണ് ഹനിയ വധം തെളിയിക്കുന്നത്. ഇറാന്‍ സേനയുടെ നിയന്ത്രണത്തിലുള്ള സമുച്ചയത്തിലെ സുപ്രധാനമായ മുറിയില്‍ ഒരു ബോംബ് രണ്ടു മാസത്തോളം സൂക്ഷിക്കാന്‍ സാധിച്ചതെങ്ങനെ എന്ന കാര്യത്തിലും സുരക്ഷാ ഏജന്‍സികള്‍ അമ്പരക്കുന്നുണ്ട്.

ഹനിയയുടെ മൃതദേഹം ഖത്തറിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തുര്‍ക്കി, ലെബനന്‍, യെമന്‍, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഇമാം ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!