

ദോഹ: സൂഖ് വാഖിഫില്‍ ജൂലൈ 23ന് ആരംഭിച്ച ഒന്‍പതാമത് പ്രാദേശിക ഈത്തപ്പഴ പ്രദര്‍ശനം ഇന്ന് സമാപിക്കും. സൂഖ് വാഖിഫ് ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇതുവരെ 216891 കിലോഗ്രാം ഈത്തപ്പഴം വില്‍പ്പന നടത്തി.

ഇന്ന് വൈകിട്ട് നാലു മുതല്‍ ഒന്‍പത് വരെയാണ് പ്രദര്‍ശന സമയം. നൂറിലധികം പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബര്‍ഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ് തുടങ്ങി നിരവധി ഈത്തപ്പഴം ന്യായമായ വിലയിലാണ് വില്‍പ്പനയ്ക്കുള്ളത്.

കിലോയ്ക്ക് അഞ്ച് റിയാലും രണ്ടു കിലോയ്ക്ക് ഏഴ് റിയാലും മുതലാണ് ഈത്തപ്പഴത്തിന്റെ വില ആരംഭിക്കുന്നത്. ഈത്തപ്പഴത്തിന്റെ ഗുണനിലവാരവും ഉപഭോക്താവ് വാങ്ങുന്ന അളവും അടിസ്ഥാനമാക്കി വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. വില്‍പ്പനക്കാരനും ഉപഭോക്താവും തമ്മിലുള്ള ഇടപാടുകളിലാണ് അന്തിമ വില നിശ്ചയിക്കുന്നത്.
നിരവധി പേര്‍ ഒരു കിലോഗ്രാമിന്റെ പെട്ടി തെരഞ്ഞെടുക്കുമ്പോള്‍ നിരവധി പേര്‍ വലിയ അളവിലും തെരഞ്ഞെടുക്കുന്നുണ്ട്.

