
ന്യൂഡല്‍ഹി: ശക്തമായ കാറ്റിലും കനത്ത മഴയിലും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ടെര്‍മിനല്‍ 2ലാണ് സംഭവം.

ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കാറ്റില്‍ വിമാനങ്ങളിലേക്ക് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മൂന്ന് വിമാനങ്ങളും സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പിന്‍വലിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ എന്‍ജിനീയറിങ്ങിന്റെയും ഇന്‍ഡിഗോയുടെയും ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ ശക്തമായ കാറ്റില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതാണ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരാന്‍ ഇടയാക്കിയത്.
കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് വിമാനത്താവള അധികൃതര്‍ക്കോ എയര്‍ലൈനുകള്‍ക്കോ നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് വിമാനത്താവളം നടത്തുന്ന സ്വകാര്യ കമ്പനി അറിയിച്ചു.
സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ക്കു പുറമെ മറ്റ് വിമാനക്കമ്പനികളുടെ വിമാനങ്ങളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്
കേടുപാടുകള്‍ സംഭവിച്ച മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ രണ്ടെണ്ണം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സര്‍വീസിലേക്ക് മടങ്ങും. മൂന്നാമത്തെ വിമാനത്തിന് കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായതിനാല്‍ സര്‍വീസിലേക്ക് തിരിച്ചെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

