എക്സ്പോ 2023 ദോഹ വളണ്ടിയര്‍ റജിസ്‌ട്രേഷന്‍ രണ്ടാഴ്ചയ്ക്കകം തുടങ്ങും

Web Desk
1 Min Read

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2023 ദോഹയുടെ വളണ്ടിയര്‍ രജിസ്ട്രേഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.

city exchange

ഒക്ടോബറില്‍ ആരംഭിച്ച് 2024 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന ആറു മാസത്തെ പരിപാടിക്കായി മൂവായിരം മുതല്‍ നാലായിരം വരെ സന്നദ്ധപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നതായി എക്‌സ്‌പോ 2023 ദോഹ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് മുഹമ്മദ് അലി അല്‍ ഖൂരിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ചയ്ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും അല്‍ ഖൂരി വിശദമാക്കി. പരിപാടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപേക്ഷാ നടപടിക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

- Advertisement -
Ad image

മരുഭൂമിയിലെ കാലാവസ്ഥയില്‍ നടക്കുന്ന ആദ്യത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ പ്രദര്‍ശനം എന്ന നിലയില്‍ കാലാവസ്ഥ, ജലം, മണ്ണിന്റെ സുസ്ഥിരത എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഹോര്‍ട്ടികള്‍ച്ചറിനുള്ള നൂതന സമീപനങ്ങളെ എക്‌സ്‌പോ 2023 ദോഹ പ്രോത്സാഹിപ്പിക്കും. ലോകത്തിന്റെ മൂന്നിലൊന്ന് ഭൂപ്രതലവും മരുഭൂവല്‍ക്കരണത്താല്‍ ഭീഷണിയിലാകുകയും ഓരോ വര്‍ഷവും 12 ദശലക്ഷം ഹെക്ടര്‍ വരണ്ട ഭൂമി കൂടി ഉയര്‍ന്നുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മരുഭൂകരണം ആഗോള പ്രശ്‌നമായിട്ടുണ്ട്.

1,700,000 ചതുരശ്ര മീറ്ററില്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ എക്സ്പോ 2023 ദോഹയെ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് വളണ്ടിയര്‍മാരെ നിയോഗിക്കുക. പാര്‍ക്കിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര പ്രദേശം, എക്സ്പോയിലേക്കുള്ള ഗേറ്റ്വേയായും അന്താരാഷ്ട്ര ഉദ്യാനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ഇവന്റുകള്‍ എന്നിവയുടെ പ്രധാന കേന്ദ്രമായും വര്‍ത്തിക്കും. ഏകദേശം 700,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഇതിനുണ്ടാവുക. 500,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കുടുംബ പ്രദേശത്ത് കുടുംബാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, ഒത്തുചേരലുകള്‍, ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള ഇടമായിരിക്കും. തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക മേഖല സാംസ്‌കാരികവും പരമ്പരാഗതവുമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള വേദിയായി വര്‍ത്തിക്കും.

ലോകമെമ്പാടുമുള്ള മൂന്ന് ദശലക്ഷം ആളുകളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന എക്സ്പോ 2023 ദോഹ സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ആറ് മാസത്തെ അതിമനോഹരമായ പ്രദര്‍ശനമായിരിക്കും.

Share This Article
Leave a Comment
error: Content is protected !!