
മുംബൈ: നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നടന്‍ ഫൈസല്‍ ഫറൂഖിയാണ് ദിലീപിന്റെ മരണം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശ്വാസതടസം അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1944 ലാണ് ദിലീപ് കുമാര്‍ സിനിമയിലെത്തുന്നത്. ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡിന്റെ ദുരന്തനായകന്‍ എന്ന പേരില്‍ പ്രശസ്തനാണ് ഇദ്ദേഹം.
കില ആണ് അവസാനചിത്രം. ദാദസാഹിബ് ഫാല്‍കെ അവാര്‍ഡ്, പദ്മ വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടനും അദ്ദേഹമാണ്.
1922 ഡിസംബര്‍ 11നാണ് കുമാര്‍ മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ജനിച്ചത്. സൈറ ബാനുവാണ് ദിലീപ് കുമാറിന്റെ ഭാര്യ.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാര്‍ വേഷമിട്ടത്. 1955ലെ ദേവ്ദാസ്, 1957ലെ നയാ ദോര്‍, 1960ലെ മുഗള്‍-ഇ-അസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കര്‍മ, 1998ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വര്‍ഖാെന്റയും അയേഷ ബീഗത്തിന്റെയും 12 മക്കളില്‍ ഒരാളായി പാകിസ്താനിലെ പെഷാവറില്‍ 1922 ഡിസംബര്‍ 11നാണ് അദ്ദേഹത്തിന്റെ ജനനം. നാസിക്കിലെ ദേവ് ലാലിയില്‍ വളര്‍ന്ന യൂസുഫ് ഖാന്‍ 1943ല്‍ പിതാവുമായി പിണങ്ങി ആദ്യം പൂണെയിലും പിന്നീട് മുംബൈയിലും എത്തുകയായിരുന്നു.
നിത്യ ചെലവിനു ജോലിതേടി ചെന്നതാകട്ടെ ദേവിക റാണിയുടെ ബോംബെ ടാക്കീസില്‍. പ്രതിമാസം 1250 രൂപ ശമ്പളത്തില്‍ ജോലികിട്ടി. അന്ന് വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന നാസിക്കിലെ തന്റെ കളിക്കൂട്ടുകാരനായിരുന്ന രാജ് കപൂറിനേക്കാള്‍ കൂടിയ ശമ്പളം. യൂസുഫ് ഖാനെ ദിലിപ് കുമാര്‍ ആക്കി 1944ല്‍ ജവര്‍ ഭാട്ട എന്ന ചിത്രത്തിലെ നായകനാക്കിയത് ദേവിക റാണിയാണ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തന്റെ സിനിമ അഭിനയം കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുകരുതിയാണ് ദിലീപ് കുമാര്‍ എന്ന പേര് സ്വീകരിച്ചതെന്നും പറയപ്പെടുന്നു.
വെള്ളിത്തിരയിലെ എക്കാലത്തെയും അഭിനയകുലപതിയാണ് മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലിപ് കുമാര്‍. അദ്ദേഹത്തിന്റെ അഭിനയ സിദ്ധിയുടെ ഒരംശമെങ്കിലും ഇല്ലെങ്കില്‍ ബോളിവുഡില്‍ താരമാകുക അസാധ്യമെന്ന് ചൊല്ലുണ്ട്. ബച്ചന്‍ തലമുറ മുതല്‍ പുത്തന്‍ തലമുറയിലെ താരങ്ങളില്‍ വരെ അത് പ്രകടവുമാണ്. വെട്ടിത്തിളങ്ങുന്ന ദിലിപ് കുമാറിന്റെ തിളക്കം അല്പം മോഷ്ടിച്ചാണ് ഞാനെന്റെ മോഹങ്ങള്‍ക്ക് തിരികൊളുത്തിയതെന്ന് ഒരിക്കല്‍ ധര്‍മ്മേന്ദ്ര പറഞ്ഞിട്ടുണ്ട്. ദിലിപ് കുമാറിന്റെ ചിട്ടയായ അഭിനയ പാടവം ഇന്നും കൗതുകത്തോടെ കണ്ടു പഠിക്കുകയാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞിട്ടുണ്ട്. ദിലിപ് കുമാറിന് മുമ്പും ശേഷവും എന്ന വിധം അഭിനയ ചരിത്രം രേഖപ്പെടുത്തപ്പെടണമെന്ന് ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നു.

