

ആലുവ: എറണാകുളം ജില്ലാ പഞ്ചായത്തും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, കേരള സാമൂഹ്യ നീതി വകുപ്പ് എന്നിവ സംയുക്തമായി ഭിന്നശേഷി യു ഡി ഐ ഡി കാര്‍ഡ് പ്രശ്‌ന പരിഹാര അദാലത്തും തന്‍മുദ്ര ഭിന്നശേഷി സര്‍വ്വേയും നടത്തി.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന എറണാകുളം ജില്ലാതല ക്യാംപയിന്റെ ഉല്‍ഘാടനം ഭിന്നശേഷിയുള്ള കുട്ടി സഫ്‌വാറിന്റെ വിവരം ശേഖരിച്ചു കൊണ്ടു എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തടന്‍ നിര്‍വഹിച്ചു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റൈജ അമീര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് നന്ദിയും പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റൂബി ജിജി, ഷീല ജോസ്, മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്‍, റംല അലിയാര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ദിവ്യ ആര്‍, കളമശ്ശേരി ബ്ലോക്ക് കോ ഓഡിനേറ്റര്‍ മൃദുല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
എറണാകുളം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ക്യാംപുകള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും, ഭിന്നശേഷികാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്നും ഭിന്നശേഷി സൗഹൃദ ജില്ലയാക്കി എറണാകുളത്തെ മാറ്റുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മനോജ് മൂത്തടന്‍ പറഞ്ഞു.
ഭിന്നശേഷികാരുടെ കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കുന്നതിനും അതുവഴി എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ ഉറപ്പാക്കി യുണിക്ക് ഡിസേബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതിനുമായി എന്‍ എസ് എസിന്റെ സഹകരണത്തില്‍ സംസ്ഥാന വ്യാപകമായി ഭിന്നശേഷിക്കാരുടെ റജിസ്ട്രേഷന്‍ നടത്തുന്നു. തന്‍ മുദ്ര എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്.
എറണാകുളം ജില്ലയില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയില്‍ ഉള്ള നാല് യൂണിവേഴ്‌സിറ്റികളുടെ കീഴിലായി വരുന്ന എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. തന്‍ മുദ്ര വെബ്‌സൈറ്റിലേക്കുള്ള ഡാറ്റ എന്‍ട്രി വിദ്യാര്‍ഥികള്‍ ആണ് ചെയ്യുന്നത്. ചൂര്‍ണ്ണിക്കരയില്‍ നടന്ന ജില്ലാ ക്യാപില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ദിവ്യയുടെ നേതൃത്വത്തില്‍ അല്‍ അമീന്‍ കോളേജ്, എടത്തല, കെ എം ഇ എ എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ ചെയ്തത്. 180 പേര്‍ ക്യാംപില്‍ പങ്കെടുത്തു. അങ്കണവാടി ടീച്ചര്‍മാരും വിവരങ്ങള്‍ ശേഖരിക്കുന്നതിനായും, ക്യാംപില്‍ വന്നവരെ സഹായിക്കുന്നതിനായും ഉണ്ടായിരുന്നു.

