

ബംഗളുരു: ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോയ ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കിടയില്‍ വെള്ളിയാഴ്ച ‘ഊരും പേരുമില്ലാത്ത’ തീവ്രവാദപത്രം വിതരണം ചെയ്തു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ സി ടി സി) അന്വേഷണം തുടങ്ങി. ആര്യാവര്‍ത്ത് എക്‌സ്പ്രസ് എന്ന പത്രമാണ് വിതരണം ചെയ്തത്.

തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കും പ്രോത്സാഹനം നല്കുന്ന ലേഖനങ്ങളാണ് പത്രത്തില്‍ അച്ചടിച്ചിരുന്നത്. എല്ലാ സീറ്റുകളിലും ഈ പത്രം ഉണ്ടായിരുന്നതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ ഐ ആര്‍ സി ടി സി ഓണ്‍ബോര്‍ഡ് സര്‍വീസ് ലൈസന്‍സിയോട് വിശദീകരണം തേടിയിട്ടുണ്ട്.

‘ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള ഹിന്ദുക്കളുടെയും സിഖുകാരുടെയും ബുദ്ധമതക്കാരുടെയും വംശഹത്യയെ അംഗീകരിക്കേണ്ടതുണ്ട്’, ‘ഔറംഗസേബിനെ യു എന്‍ ഹിറ്റ്ലറെപ്പോലെ കൂട്ടക്കൊലയുടെ സ്ഥാപകനായി മുദ്രകുത്തണം’ എന്നീ തലക്കെട്ടുകളുള്ള ലേഖനങ്ങളാണ് ബംഗളൂരു ആസ്ഥാനമായുള്ള ആര്യവര്‍ത്ത് എക്സ്പ്രസ് എന്ന പ്രസിദ്ധീകരണത്തിലുള്ളത്.
അംഗീകൃത പത്രങ്ങളില്‍ ചേര്‍ത്ത സപ്ലിമെന്റായാണ് പത്രം പ്രചരിപ്പിച്ചതെന്ന് ട്രെയിനിന്റെ ലൈസന്‍സി പി കെ ഷെഫി പറയുന്നുണ്ടെങ്കിലും യാത്രക്കാര്‍ ഇക്കാര്യം സമ്മതിക്കുന്നില്ല. തങ്ങള്‍ കയറുമ്പോള്‍ എല്ലാ സീറ്റുകളിലും പത്രം ഉണ്ടായിരുന്നതായും അംഗീകൃത പത്രങ്ങളുടെ അകത്തുവെച്ചല്ല ഇത് വിതരണം ചെയ്തതെന്നും യാത്രക്കാര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങള്‍ വിതരണം ചെയ്യുന്ന പത്രത്തിലെ ഉള്ളടക്കം വിതരണം ചെയ്യുന്നവര്‍ യാതൊരു സാഹചര്യത്തിലും ശരിക്കും വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാറില്ലെന്നാണ് ലൈസന്‍സി പറയുന്നത്. സപ്ലിമെന്റുകളോ ലഘുലേഖകളോ വിതരണം ചെയ്യരുതെന്നും ഇനി മുതല്‍ പ്രധാന പേപ്പര്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലൈസന്‍സി പറയുന്നു. ഐ ആര്‍ സി ടി സിയാകട്ടെ തങ്ങള്‍ ലൈസന്‍സിക്ക് മുന്നറിയിപ്പ് നല്‍കിയതായും കരാര്‍ പ്രകാരം ഡെക്കാന്‍ ഹെറാള്‍ഡിന്റെയും കന്നഡ പത്രത്തിന്റെയും കോംപ്ലിമെന്ററി കോപ്പികള്‍ മാത്രമേ ലൈസന്‍സി നല്‍കാവൂവെന്നും അദ്ദേഹം കരാര്‍ വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ട്രെയിനിലുണ്ടായിരുന്ന ഗോപിക ബക്ഷി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വെള്ളിയാഴ്ച രാവിലെ ‘പത്രം’ ഫളാഗ് ചെയ്തത്. രാവിലെ താന്‍ ബാംഗ്ലൂര്‍- ചെന്നൈ ശതാബ്ദി എക്‌സ്പ്രസ്സില്‍ കയറിയപ്പോള്‍ എല്ലാ സീറ്റുകളിലും ആര്യവര്‍ത്ത് എക്സ്പ്രസ് എന്ന പ്രസിദ്ധീകരണം കണ്ടുവെന്നും അതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നുവെന്നും അവര്‍ വിശദമാക്കുന്നു. ഐ ആര്‍ സി ടി സി എങ്ങനെയാണ് ഇത് അനുവദിക്കുന്നതെന്ന ചോദ്യത്തോടെ പ്രസിദ്ധീകരണത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അവരുടെ ട്വീറ്റ്.
മറ്റ് നിരവധി യാത്രക്കാരും റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണോ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നത് പത്രം പ്രചരിപ്പിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചതോടെ പ്രശ്‌നം സമൂഹ മധ്യത്തിലെത്തുകയായിരുന്നു. ട്വീറ്റിന് ഐ ആര്‍ സി ടി സി മറുപടി നല്കിയെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു. സംഭവത്തില്‍ നടപടിയെടുക്കാന്‍ ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

