

കൊച്ചി: തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു.
1950 ഒക്ടോബര്‍ 29നായിരുന്നു ജനനം. ജോണ്‍പോള്‍ പുതുശ്ശേരി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന അദ്ദേഹം 1980കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗത്ഭ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുന. ചാമരം, ഓര്‍മയ്ക്കായി, യാത്ര തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി ജോണ്‍ പോളാണ് നിര്‍മിച്ചത്. കേരളത്തിലെ ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.
ചലച്ചിത്ര രംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു. കേരള ടൈംസ് പത്രത്തില്‍ ചലച്ചിത്ര ഫീച്ചര്‍ എഴുത്തുകാരനായിരുന്നു.

