കൗമാരക്കാരെ ചേര്‍ത്തു നിര്‍ത്താന്‍ ജില്ലാ പഞ്ചായത്തിന്റെ ചങ്ക് പദ്ധതി ശിശു ദിനം മുതല്‍

Web Desk
2 Min Read

കോഴിക്കോട്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്‌നങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ എന്നിവയെപ്പറ്റി ബോധവല്‍ക്കരിക്കാനും ഇതുവഴി കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി ചങ്ക് (CHANK – campaign for Healthy Adolescence Nurturing, Kozhikode) എന്ന പേരില്‍  വിപുലമായ മുഖാമുഖ പരിശീലന പരിപാടിയൊരുക്കുന്നു.

city exchange

നവംബര്‍ 14ന് ശിശുദിനത്തോടനുബന്ധിച്ച് പദ്ധതിക്ക് ഔപചാരിക തുടക്കമിടും. എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്‌കൂളുകള്‍  കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മന:ശ്ശാസ്ത്ര വിദഗ്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരോ വിദ്യാലയത്തിലും നവംബര്‍ 14 മുതല്‍ ജനുവരി 31 വരെ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാലാക്കുന്നതിനും രക്ഷിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുക, സുരക്ഷിത  കൗമാരത്തിനാവശ്യമായ നൈപുണികള്‍ സ്വായത്തമാക്കന്നതിന് സഹായിക്കുക,
കൗമാര ആരോഗ്യം, ഭക്ഷണശീലങ്ങള്‍, ദിനചര്യ, വ്യായാമം തുടങ്ങിയ ആരോഗ്യ ശീലങ്ങള്‍  പ്രയോഗികമായി പ്രയോജനപ്പെടുത്തുന്നതിനു സാധ്യമാക്കുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തരണംചെയ്യാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക, കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.

- Advertisement -
Ad image

അധ്യയനവും അധ്യാപനവും ഓണ്‍ലൈനില്‍ മാത്രമായപ്പോള്‍  സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന  കൗമാരപ്രായക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ഇത്തരം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ച മുറിവുകളും പ്രത്യേക കരുതലോടെ പരിഗണിക്കുകയാണ് ലക്ഷ്യം.

കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കിയ നാല് മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്ക് വെക്കുക. പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിനായി റിസോഴ്‌സ് പേഴ്‌സണ്‍മാരെ  തെരഞ്ഞെടുത്തു കഴിഞ്ഞു. നവംബര്‍ 10, 11 തിയ്യതികളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ക്ലാസ്സുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മെന്റര്‍മാരുമായി പങ്ക് വെക്കുന്നതിനായി ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

പരിശീലന മൊഡ്യൂള്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ എന്‍ എം വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. എഡ്യുകെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുന്നാസര്‍ യു കെ, ഡോ. രാഹുല്‍, ഡോ. സുജീറ, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!