ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് വെള്ളിയാഴ്ച

Web Desk
2 Min Read

ദോഹ: വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് ഏപ്രില്‍ 11 വെള്ളിയാഴ്ച നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു മണി വരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

അഞ്ച് പ്രധാന സെഷനുകളിലായി നടക്കുന്ന സമ്മിറ്റില്‍ ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന അഞ്ഞൂറ് കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കുട്ടികളെ ധാര്‍മികമായും സാംസ്‌ക്കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും അവരെ സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നത്.

2012ല്‍ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യതിരിക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സമ്മേളനം നഹ്ദ ക്യാമ്പുകള്‍, ഹിറ്റ്ഫിറ്റ് കായിക പരിശീലനങ്ങള്‍, ഇഖ്‌റഅ് ട്രെയ്‌നിംഗ് സെഷനുകള്‍ എന്നിവ ഇക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ട പ്രധാന പരിപാടികളായിരുന്നു.

പ്രമുഖരായ മൂന്ന് വിദഗ്ധരാണ് ദോഹ സ്റ്റുഡന്റ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണയും ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ജനറേഷന്‍ അമേസിംഗ് പ്രോഗ്രാംസ് ആക്ടിംഗ് ഡയറക്ടറുമായ ഫാത്തിമ അല്‍ മഹ്ദിയാണ് ഒന്നാമത്തെ സെഷനില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ കരിയര്‍ സംബന്ധമായ വിഷയങ്ങള്‍ സംസാരിക്കുന്ന ഫാത്തിമ അല്‍ മഹ്ദി അറിയപ്പെടുന്ന ലീഡര്‍ഷിപ്പ് ആന്റ് ലേണിംഗ് എക്‌സ്‌പേര്‍ട്ടാണ്.

- Advertisement -
Ad image

കേരളത്തിലെ പ്രമുഖ ടെക്‌നോളജിസ്റ്റും അഡാപ്‌റഅറ് സി ഇ ഒയുമായ ഉമര്‍ അബ്ദുസ്സലാം മറ്റൊരു സെഷനില്‍ പങ്കെടുക്കും. എഐ, സൈബര്‍ സുരക്ഷയും ധാര്‍മികതയും ഭാവി കരിയറിലേക്കുള്ള ചൂണ്ടുപലക എന്ന വിഷയത്തിലാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുക.

സോഷ്യല്‍ അനലിസ്റ്റ് സി പി അബ്ദുസ്സമദ് ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷന്‍, സമാപന സെഷന്‍ എന്നിവയും പ്രത്യേകം നടക്കും.

റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://dss.insightqatar.org എന്ന വെബ്‌സൈറ്റ് വഴിയോ 00974 33680781 എന്ന നമ്പളിലോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍സൈറ്റ് ഖത്തര്‍ ജനറല്‍ സെക്രട്ടറി വഫ അബ്ദുല്‍ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ സന റഷീദലി, അമ്മാര്‍ അസ്‌ലം, സംഘാടക സമിതി അഡൈ്വസറി ചെയര്‍മാന്‍ ഷമീര്‍ വലിയവീട്ടില്‍, ചെയര്‍മാന്‍ മശ്ഹൂദ് തിരുത്തിയാട്, വൈസ് ചെയര്‍മാന്‍ നിഹാദ്, ജനറല്‍ കണ്‍വീനര്‍ ശനീജ്, മീഡിയ കണ്‍വീനര്‍ അലി റഷാദ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!