
ദോഹ: ഐ എം ഡിയിലെ വേള്‍ഡ് കോംപറ്റിറ്റിവ്‌നസ് സെന്റര്‍ തയ്യാറാക്കുന്ന ഐ എം ഡി സ്മാര്‍ട്ട് സിറ്റി ഇന്‍ഡെക്‌സ് 2025ലെ ഗ്ലോബല്‍ റാങ്കിംഗില്‍ ദോഹ വലിയ മുന്നേറ്റം കുറിച്ച് ലോകത്തെ 146 നഗരങ്ങളില്‍ 33-ാം സ്ഥാനത്തെത്തി. ഇതോടെ ദോഹ ആഗോള തലത്തിലെ മുന്‍നിര സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ പ്രവേശിച്ചു. ഗള്‍ഫ് മേഖലയിലെ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദോഹ നിലകൊള്ളുന്നത്.

ഈ ഇന്‍ഡെക്‌സ് നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ സേവനങ്ങളും മാത്രമല്ല, അവ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന കാര്യവും വിലയിരുത്തുന്നു. ആരോഗ്യവും സുരക്ഷയും, ഗതാഗത സൗകര്യങ്ങള്‍, പൊതുപ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍, ഭരണ സംവിധാനം തുടങ്ങി വിവിധ ഘടകങ്ങളില്‍ നഗരവാസികളുടെ ധാരണകള്‍ക്ക് വില നല്‍കിയാണ് സ്‌കോര്‍ നിര്‍ണയിക്കുന്നത്.

33-ാം സ്ഥാനം ദോഹയെ ലോകത്തെ നിരവധി നഗരങ്ങളെക്കാള്‍ മുന്നിലേക്ക് നയിക്കുന്നു. നഗരത്തിന്റെ വേഗത്തിലുള്ള പുരോഗതിയും ആധുനികവത്ക്കരണവും ഈ ഉയര്‍ച്ച ശക്തിപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
