
ദോഹ: ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഇടപ്പാളയം ബിസിനസ് കണക്ട് 2026’ സംരംഭകരുടെയും അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. അല്‍ തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ നടന്ന പരിപാടി വിവിധ മേഖലകളിലെ സംരംഭകര്‍ക്ക് പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്കുവെക്കാനും പുതിയ ബിസിനസ് സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും വേദിയായി.

മുഖ്യാതിഥിയായി പ്രമുഖ വ്യവസായി ഷംസുദ്ദീന്‍ നെല്ലറ പങ്കെടുത്തു. വിശിഷ്ടാതിഥികളായ ഡോ. ഹംസ, ബാബു കൊളത്തറ, പ്രദീപ് ഡയോറ ഗോള്‍ഡ്, ഇടപ്പാളയം ഗ്ലോബല്‍ പ്രസിഡന്റ് നൂറുല്‍ ഹഖ് എന്നിവരും സംഗമത്തില്‍ പങ്കെടുത്തു. അതിഥികളുടെയും സംരംഭകരുടെയും അനുഭവങ്ങളും നിര്‍ദേശങ്ങളും പരിപാടിയെ സമ്പന്നമാക്കി.

ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് ആപ്പ് മുഖ്യാതിഥി ഷംസുദ്ദീന്‍ നെല്ലറ ലോഞ്ച് ചെയ്തു. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും ഉപയോഗരീതിയും ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എ വി സക്കീര്‍ സദസ്സിന് വിശദീകരിച്ചു. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.
ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എ വി സക്കീര്‍, ജനറല്‍ സെക്രട്ടറി നിഖില്‍ നാസര്‍, ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാണൂര്‍, പ്രോഗ്രാം കണ്‍വീനര്‍ ഹസീബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംഘാടനത്തില്‍ സജീവമായി പങ്കാളികളായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീഷ്മ പരിപാടിയുടെ അവതാരകയായി.
കണക്ട് കൊളാബറേറ്റ് ഗ്രോ എന്ന സന്ദേശത്തില്‍ നടന്ന സംഗമം സമൂഹത്തിനുള്ളിലെ സംരംഭക ബന്ധങ്ങളും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി. ജനറല്‍ സെക്രട്ടറി നിഖില്‍ നാസര്‍ നന്ദി പറഞ്ഞു.

