തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ ശക്തമായ മുന്നറിയിപ്പ്

Web Desk
2 Min Read

ദോഹ: ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ എം സി സി ഖത്തര്‍ പ്രസിഡന്റ് പി പി സുബൈര്‍ പറഞ്ഞു.

city exchange

തെറ്റ് തിരുത്തുകയും വീഴ്ചകള്‍ ശരിയാം വണ്ണം പരിഹരിച്ചു മുന്നോട്ട് പോകാന്‍ ആത്മാര്‍ഥമായ ശ്രമവും ഉണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക്
അതിദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി ഉണ്ടാക്കിയ വിജയം ആശങ്കപ്പെടുത്തുന്നതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ നടത്തിയെങ്കിലും
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ സര്‍ക്കാറിന് കഴിയാതെപോയി.

ആശാവര്‍ക്കര്‍മാര്‍ നടത്തിയ സമരത്തെ വേണ്ടവിധം കൈകാര്യം ചെയ്തില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി വര്‍ഗീയത തുപ്പുന്ന വെള്ളാപ്പള്ളിയെ നിലക്കുനിര്‍ത്തുന്നതിന് പകരം അദ്ദേഹത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമീപനമാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എം സ്വീകരിച്ചത്. ഇത്തരം സമീപനങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിന് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. പൊലീസിലുള്ള പുഴുക്കുത്തുകളെയും വര്‍ഗീയ വാദികളെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചവരെ തീവ്രവാദി ചാപ്പ കുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള വിവാദത്തില്‍ വിശ്വാസി സമൂഹത്തില്‍ ഉണ്ടാക്കിയ അതൃപ്തിയും പ്രതിഷേധവും വലുതായിരുന്നു. ഇത്തരം വിഷയങ്ങള്‍ നേരെ ചൊവ്വേ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയാതെ പോയി.

- Advertisement -
Ad image

വര്‍ഗീയതയോട് ഒരു നിലക്കും രാജിയാവരുതെന്ന സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടില്‍
പി എം ശ്രീയില്‍ ഒപ്പുവെച്ചതോട് കൂടി വെള്ളം ചേര്‍ക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി എം ശ്രീ പദ്ധതിക്ക് എതിരെ ചിന്താ വാരികയില്‍ ലേഖനമെഴുതിയതിന്റെ തലേന്നാളാണ് മുന്നണി ഘടക കക്ഷികളോ ക്യാബിനറ്റോ അറിയാതെ പ്രസ്തുത പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചത്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വെച്ചുപുലര്‍ത്തിയ വിശ്വാസ്യതയിക്ക് കോട്ടം തട്ടാന്‍ കാരണമായി. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഘടക കക്ഷികളെക്കൂടി അവരര്‍ഹിക്കുന്ന രൂപത്തില്‍ കൂടെ നിര്‍ത്തി മുമ്പോട്ട് പോയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിക്കില്ലാതെ പിടിച്ചു നില്‍ക്കാന്‍ മുന്നണിക്ക് കഴിയും. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും അഭിവാദ്യങ്ങള്‍ നേരൂന്നവെന്നും പി.പി. സുബൈര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!