‘എംപവര്‍ 2026’ യുവജന സമ്മേളനത്തിന് തുടക്കം; സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ യുവപങ്കാളിത്തത്തിന് ഊന്നല്‍

Web Desk
3 Min Read

ദോഹ: സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 17-ാമത് ‘എംപവര്‍’ യുവജന സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. ‘സമാധാനത്തിനും സുരക്ഷയ്ക്കും നേതൃത്വം നല്‍കുന്ന യുവജനങ്ങള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഖത്തറില്‍നിന്നുള്ള 250 യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.

city exchange

എജ്യുക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷനും കായിക- യുവജന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം നവംബര്‍ 14ന് സമാപിക്കും.

യുവജനങ്ങളുടെ ശബ്ദം കൂടുതല്‍ ശക്തമായി ഉയര്‍ത്തുക, നേതൃത്വപാടവവും അവകാശവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും വികസിപ്പിക്കുക, യുവജനങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ പ്രാദേശികതലത്തിലുള്ള സമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

നയരൂപീകരണ രംഗത്തെ പ്രമുഖര്‍, ഐക്യരാഷ്ട്രസഭാ പ്രതിനിധികള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, അക്കാദമിക് വിദഗ്ധര്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള യുവജന പ്രതിനിധികള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാധാനനിര്‍മാണത്തിലും തീരുമാനമെടുക്കല്‍ പ്രക്രിയകളിലും യുവജനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

- Advertisement -
Ad image

സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എജ്യുക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷന്‍ ചീഫ് ഇക്കണോമിക് എംപവര്‍മെന്റ് ഓഫീസര്‍ മനാ മുഹമ്മദ് അല്‍ അന്‍സാരി സംസാരിച്ചു. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എന്നതിലുപരി തീരുമാനമെടുക്കല്‍ പ്രക്രിയയിലും സുസ്ഥിര വികസനത്തിലും യുവജനങ്ങള്‍ സജീവ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷങ്ങളും അസ്ഥിരതയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിഭാഗങ്ങളിലൊന്നാണ് യുവജനങ്ങളെങ്കിലും സമാധാനം, സുരക്ഷ, സ്വന്തം സമൂഹങ്ങളുടെ ഭാവി എന്നിവ സംബന്ധിച്ച ചര്‍ച്ചകളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കാളിത്തം യുവജനങ്ങള്‍ക്ക് ശബ്ദം നല്‍കുമ്പോള്‍ നേതൃത്വം ആ ശബ്ദത്തിന് യഥാര്‍ഥ സ്വാധീനം ഉറപ്പാക്കുന്നുവെന്നും അല്‍ അന്‍സാരി പറഞ്ഞു.

വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനങ്ങളെടുക്കാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ആവശ്യമായ അറിവും ആത്മവിശ്വാസവും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നു.

സമാധാനം, സുരക്ഷ, വികസനം എന്നീ മേഖലകളില്‍ യുവജനങ്ങളുടെ പങ്കിനെക്കുറിച്ച് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും യുവജനങ്ങളും തീരുമാനമെടുക്കുന്നവരും തമ്മില്‍ ദീര്‍ഘകാല പങ്കാളിത്തം വളര്‍ത്താനും സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക നടപടികളായി നടപ്പാക്കാവുന്ന വ്യക്തമായ തീരുമാനങ്ങളും പ്രതിബദ്ധതകളും സമ്മേളനത്തിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനമെടുക്കുന്ന വേദികളില്‍ ഇരിപ്പിടം ലഭിക്കുന്നതില്‍ മാത്രം യുവജനങ്ങളുടെ പങ്കാളിത്തം ഒതുങ്ങരുത്. അജന്‍ഡകള്‍ രൂപപ്പെടുത്താനും തീരുമാനങ്ങളെ സ്വാധീനിക്കാനും പരിഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അവര്‍ക്ക് അവസരം ലഭിക്കണമെന്നും അല്‍ അന്‍സാരി അഭിപ്രായപ്പെട്ടു.

കായിക- യുവജന മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ ഫവാസ് അല്‍ മുസൈഫ്രിയും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. യുവജന ശാക്തീകരണം പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും ആശയങ്ങള്‍ രൂപപ്പെടുത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും തീരുമാനമെടുക്കുന്നതില്‍ പങ്കാളികളാകാനും യുവജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ സംവാദം, സമാധാനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ഖത്തറിന്റെ സമീപനമാണ് സമ്മേളനത്തിന്റെ പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അറബ് യുവജന- കായിക മന്ത്രിമാരുടെ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ദോഹ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതെന്നും സമാധാനവും സുരക്ഷയും സംബന്ധിച്ച അറബ് തന്ത്രം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അല്‍ മുസൈഫ്രി പറഞ്ഞു. സ്വന്തം സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പ്രായോഗികമായി നടപ്പാക്കാവുന്ന പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

നേതൃത്വപാടവവും അവകാശവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും വികസിപ്പിക്കുന്നതിനായി സംവാദ സെഷനുകളും സംവേദനാത്മക പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ‘എംപവര്‍ 2026 യൂത്ത് ഡിക്ലറേഷന്‍’ എന്ന പേരില്‍ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്നതോടെ സമ്മേളനം സമാപിക്കും.

ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രത്യേകത യുവജന സമിതികള്‍ക്ക് പ്രമേയം നിര്‍ണയിക്കുന്നതിലും ചര്‍ച്ചാവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും പങ്കാളിത്തം നല്‍കിയെന്നതാണ്. ഇതിലൂടെ ചര്‍ച്ചകള്‍ യുവജനങ്ങളുടെ മുന്‍ഗണനകളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുക, കൂടുതല്‍ സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ എജ്യുക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷനും പങ്കാളികളും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ‘എംപവര്‍ 2026’ സമ്മേളനം.

Share This Article
Leave a Comment
error: Content is protected !!