

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളായ അടിച്ചിലിത്തൊട്ടി, തവളക്കുഴിപ്പാറ, കോടശ്ശേരി ഗ്രാമ പഞ്ചായത്തിലെ മാരാംകോട് എന്നീ ആദിവാസി കോളനികളുടെ വികസനത്തിന് ബെന്നി ബഹനാന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടിലെ പട്ടിക വര്‍ഗ്ഗ ഫണ്ടില്‍ നിന്നും തുകയനുവദിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

അടിച്ചിലിതൊട്ടിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും തവളക്കുഴിപ്പാറയില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയും കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മാരാംകോട് എസ് ടി കോളനി റോഡ് വികസനത്തിന് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1.30 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

നാല് പദ്ധതികളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് എം പി അറിയിച്ചു. ഇതോടെ പട്ടിക വര്‍ഗ്ഗ മേഖലയുടെ വികസനത്തിനായി നീക്കിവച്ചിട്ടുള്ള ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ കഴിയുമെന്ന് എം പി അറിയിച്ചു.
