എഥനോള്‍ കലര്‍ന്ന പെട്രോള്‍: വാഹന ഉടമകളുടെ ആശങ്ക പരിഹരിക്കണമെന്ന് എ കെ എഫ് പി ടി

Web Desk
2 Min Read

കൊച്ചി: എഥനോള്‍ കലര്‍ന്ന ഇന്ധന വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദശലക്ഷക്കണക്കണിന് വാഹന ഉടമകളില്‍ ആശങ്ക പരാത്തിയിട്ടുണ്ടെന്നും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സംസ്ഥാനത്തെ പമ്പുടമകളാണെന്നും പെട്രോള്‍ പമ്പുടമകളുടെ സംഘടനയായ ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ കെ എഫ് പി ടി).

city exchange

അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ വിതരണം ചെയ്യുന്നുവെന്ന കര്‍ണാടക സര്‍ക്കാരിന്റെ പരിശോധന ഫലം കേരളത്തിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇത് പമ്പ് ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ പലയിടത്തും തര്‍ക്കത്തിന് കാരണമാകുന്നു. ഇതിനു പിന്നാലെ കേരളത്തിലും സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍കൈയെടുത്ത് സാമ്പിള്‍ എടുത്തു. പത്ത് ദിവസത്തിനകം പരിശോധനാഫലം പുറത്തുവരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ലെന്ന് എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഹ അഷ്റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.

താരതമ്യ പഠനത്തിനായി എഥനോള്‍ കലരാത്ത പെട്രോള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം എണ്ണകമ്പനികള്‍ അംഗീകരിക്കാത്തതാണ് പരിശോധന ഫലം വൈകാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. റിഫൈനറികളില്‍ നിന്ന് കൊടുക്കുന്നത് ശുദ്ധമായ പെട്രോള്‍ ആണെന്ന് കേന്ദ്രമന്ത്രി പറയുന്നു. ശുദ്ധമായ പെട്രോള്‍ ആണെങ്കില്‍ സാമ്പിള്‍ കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ മടിക്കുന്നത് എന്തിനാണെന്ന് നേതാക്കള്‍ ചോദിച്ചു. റിഫൈനറികളില്‍ അല്ല വിതരണ കേന്ദ്രത്തിലാണ് ബ്ലെന്‍ഡിങ് നടക്കുന്നത്. അതുകൊണ്ട് വിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് പുറപ്പെടുന്ന ടാങ്കറുകളിലുമാണ് പരിശോധന നടത്തേണ്ടത്. വിതരണ കേന്ദ്രത്തില്‍ നിന്ന് ടാങ്കറുകളില്‍ എത്തിക്കുന്ന ഇന്ധനത്തിന്റെ ഡെന്‍സിറ്റി, അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടോ എന്നിവ മാത്രമേ പമ്പുകള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ.

ഐ ഒ സി, എച്ച് പി സി, ബി പി സി കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പമ്പുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല. നയാരാ, ജിയോ ബിപി തുടങ്ങിയ പമ്പുകളില്‍ പെട്രോളിന് 5 രൂപ വരെ കൂടുതലാണെങ്കിലും എഥനോള്‍ കുറവാണെന്ന ധാരണയില്‍ ഇത്തരം പമ്പുകളില്‍ കച്ചവടം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ കച്ചവടം കുറയുന്നുമുണ്ട്. പൊതുമേഖലാ എണ്ണകമ്പനികള്‍ തകര്‍ക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.

- Advertisement -
Ad image

പമ്പുടമകളെ സംശയനിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ടെര്‍മിനലുകളില്‍ നിന്ന് കൊടുത്തുവിടുന്ന ഇന്ധനം നല്കാന്‍ മാത്രമേ പമ്പുകള്‍ക്ക് കഴിയൂ. എഥനോള്‍ സാന്നിധ്യത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു പമ്പുടമയ്ക്കെതിരെ നടപടി വന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പാമ്പുകളും അടച്ചിടുമെന്ന് എ കെ എഫ് പി ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 2025 ജനുവരിക്ക് മുന്‍പ് ഇറങ്ങിയ വാഹനങ്ങളുടെ എഞ്ചിന്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്നും ഇവര്‍ വ്യക്തമാക്കി.

പെട്രോളിലെ എഥനോള്‍ സാന്നിധ്യം സംബന്ധിച്ച വാഹനഉടമകളുടെ ആശങ്ക ദൂരീകരിക്കപ്പെടണം. അതിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം എണ്ണക്കമ്പനികള്‍ എഥനോള്‍ കലരാത്ത ഇന്ധനം നല്‍കാന്‍ തയ്യാറാകണമെന്നും ടോമി തോമസും സഫ അഷ്‌റഫും ആവശ്യപ്പെട്ടു. സര്‍ക്കാരും എണ്ണക്കമ്പനികളും യോജിച്ച് ഇതിന് പരിഹാരമുണ്ടാക്കണമെന്നും എ കെ എഫ് പി ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!