കര്‍ക്കിടക വാവുബലിക്ക് എറണാകുളം ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

Web Desk
2 Min Read

ആലുവ: കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. മഴ മാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.

city exchange

ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്.

വാവ് ബലിതര്‍പ്പണത്തിന് മുന്നോടിയായി ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എയുടെയും ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജിന്റെയും നേതൃത്വത്തില്‍ ആലുവ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ അവലോകനയോഗം ചേര്‍ന്നു.

ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും വാവ് ദിവസം പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

- Advertisement -
Ad image

പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഒന്നിനു തുടങ്ങുന്ന ബലിതര്‍പ്പണം ഉച്ചവരെ നീളും. ക്ഷേത്രത്തിലേക്ക് അങ്കമാലി, പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്ന് സ്‌പെഷല്‍ സര്‍വീസും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേകമായി പൊലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളില്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സഹായത്തിനായി ആവശ്യത്തിന് സ്റ്റാഫുകളെ നിയോഗിക്കാനും ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പാടാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും കൂടുതല്‍ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെ എസ് ഇ ബിക്ക് നിര്‍ദ്ദേശം നല്‍കി.

അനധികൃത മദ്യ വില്പന, ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം എന്നിവ നടക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് കുടിവെള്ള ലഭ്യത മുഴുവന്‍ സമയം ഉറപ്പാക്കുന്നതിനായി വേണ്ടുന്ന നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സ്ഥലത്തെ കടകളിലും ഹോട്ടലുകളും മറ്റ് ഇടങ്ങളിലും നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധിക്കും.

കഴിഞ്ഞവര്‍ഷം അടിയന്തര സാഹചര്യത്തില്‍ ഗതാഗത മാര്‍ഗ്ഗം മാറ്റേണ്ടി വന്നതിനെ കുറിച്ചും ഇത് മൂലം ജനങ്ങള്‍ക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ചു ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വാവുബലിയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മേല്‍നോട്ടം ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ക്കും മൂവാറ്റുപുഴ ആര്‍ ടി ഒയ്ക്കും ആണ്. കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ആലുവ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി സൈമണ്‍, കൗണ്‍സിലര്‍മാരായ കെ ജയകുമാര്‍, കെ വി സരള, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, നഗരസഭ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!