NEWS
കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി അധ്യാപിക വിദ്യാര്‍ഥിനികള്‍ ചുരമിറങ്ങി
കോഴിക്കോട്: വയനാട് ദുരന്ത മുഖത്തെ അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി മോണ്ടിസോറി അധ്യാപിക വിദ്യാര്‍ഥിനികള്‍ മലയിറങ്ങി.
കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നാല്‍പത്തിമൂന്ന് മോണ്ടിസോറി അധ്യാപിക വിദ്യാര്‍ഥിനികളാണ് വയനാട്ടിലെത്തിയത്. സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം ദുരന്തത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്ന കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും ജീവിത നൈപുണ്യ പരിശീലനത്തിനുമാണ് കേരള എഡ്യുക്കേഷന്‍ കൗണ്‍സിലിനു കീഴിലെ പത്തനംതിട്ട, ഇടുക്കി ഒഴികെ ജില്ലകളില്‍ നിന്നുള്ള മോണ്ടിസോറി പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ഥിനികളും മേപ്പാടിയിലെയും പരിസരത്തെയും പതിനൊന്നോളം ദുരിതശ്വാസ ക്യാമ്പുകളില്‍ എത്തിയത്.
കോഴിക്കോട് നിന്ന് അഞ്ചു ദിവസം മുന്‍പ് പുറപ്പെട്ട ഇവര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ക്യാമ്പുകളിലും കുട്ടികള്‍ക്കായുള്ള കുട്ടിയിടങ്ങള്‍ കേന്ദ്രീകരിച്ച് ഗെയിം സോണ്‍ അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
വയനാട് ജില്ലാ വനിതാ- ശിശു വികസന ഓഫീസറുടെ നിര്‍ദേശാനുസരണം, ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍, ഏറെ ചാരിതാര്‍ഥ്യത്തോടെ ഇനിയും തിരിച്ചു വരണമെന്ന അഭ്യര്‍ഥനയോടെയാണ് യാത്രയാക്കിയത്.
സൈക്കോ- സോഷ്യല്‍ കൗണ്‍സിലര്‍മാരടക്കം വന്നപ്പോഴും മനം തുറക്കാത്ത കുട്ടികള്‍ ഈ മോണ്ടിസോറി വിദ്യാര്‍ഥിനികളുമായി ഏറെ അടുത്തിപ്പഴുകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് യാത്രാംഗങ്ങള്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ ക്യാമ്പംഗങ്ങളെ സന്ദര്‍ശിച്ചത് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.
തിരിച്ച് ചുരമിറങ്ങി തങ്ങളുടെ ജില്ലകളിലേക്ക് പോകുന്ന മോണ്ടിസോറി ടീച്ചര്‍ ട്രയിനീസിന് കോഴിക്കോട് നഗരത്തില്‍ വച്ച് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിയുടെയും ഭദ്രത സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി സിദ്ധാര്‍ഥന്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ ശാലിനി, ഭദ്രത സ്വയംസഹായ സംഘം ജോയിന്റ് സെക്രട്ടറി എം കെ സജീവ്കുമാര്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, പി രേഷ്മ (പ്രിന്‍സിപ്പാള്‍, കെ ഇ സി കോഴിക്കോട്),
സൗബാനത്ത് (അധ്യാപിക, കെ ഇ സി കാവനൂര്‍),
നീതു സിജോ (അധ്യാപിക, കെ ഇ സി തൃശ്ശൂര്‍),
വിജില സുനില്‍കുമാര്‍ (അധ്യാപിക, കെ ഇ സി വടകര), പ്രേമലത (അധ്യാപിക, കെ ഇ സി കാഞ്ഞങ്ങാട്), ലത (അധ്യാപിക, കെ ഇ സി ചീമേനി), അക്കാദമിക് ഡയറക്ടര്‍ രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥിനികള്‍ ക്യാമ്പനുഭവങ്ങള്‍ സദസുമായി പങ്കുവച്ചു. ക്യാമ്പംഗങ്ങള്‍ക്ക് നഗരത്തിന്റെ ആദരപത്രം ഡപ്യൂട്ടി മേയര്‍ കൈമാറി.
കെ ഇ സി ചെയര്‍മാന്‍ പ്രതാപ് മൊണാലിസ നന്ദി പറഞ്ഞു.