
ആലുവ: 41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും മലയിടംതുരുത്ത് കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നേത്രദാന ബോധവത്ക്കരണ ക്ലാസ് നടത്തി.
നേത്രദാനം മരണത്തിനുശേഷവും മറ്റൊരാളുടെ ജീവിതത്തില്‍ വെളിച്ചമാകാനുള്ള മഹത്തായ കാരുണ്യമാണെന്നും നമ്മുടെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിലൂടെ കാഴ്ച നഷ്ടപ്പെട്ട ഒരാള്‍ക്ക് പുതിയൊരു ലോകം കാണാനുള്ള അവസരം ലഭിക്കുമെന്നും നേത്രദാനം മഹാദാനം മാത്രമല്ല മാനവികതയുടെ മഹത്തായ സന്ദേശം കൂടിയാണെന്നും നേത്രദാന പക്ഷാചരണം ഉല്‍ഘാടനം ചെയ്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

‘നമ്മള്‍ വിടപറയുമ്പോള്‍, മറ്റൊരാളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാം’ എന്നതായിരുന്നു പരിപാടിയുടെ സന്ദേശം. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെയും
സജീവമായ പങ്കാളിത്തവും ഹൃദ്യമായ പ്രതികരണവും കൊണ്ട് ക്ലാസ് ഏറെ ശ്രദ്ധേയമായി.

മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം ഒപ്‌ടോമെട്രിസ്റ്റ് ചിത്ര പി എസ് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്‌സര്‍ എം എം, കൗലത്ത് മരക്കാര്‍, അസീന ടീച്ചര്‍, ഹസീന സിദ്ദീഖ്, ഫര്‍ഹത്ത് സുഹൈല്‍, അസ്മ പി എം, മറിയാമ്മ ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ ഇസ്മായില്‍ നേത്രദാന പ്രതിഞ്ജ ചൊല്ലി കൊടുത്തു.
നേത്രദാന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് ഭരണസമിതിയുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പ്രസിഡന്റ് ലിസി സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കും പറഞ്ഞു.

