

ആലുവ: അമൃത് ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നാലു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ബെന്നി ബഹനാന്‍ എം പി. ഇത് സംബന്ധിച്ച് എം പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം ആലുവ റെയില്‍വേ സ്റ്റേഷനില്‍ ചേര്‍ന്നു.

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ റൂഫിംഗ് എക്സ്റ്റന്‍ഷന്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക എ സി വെയ്റ്റിംഗ് റൂമുകള്‍, പുതിയ റിട്ടയറിങ് റൂമുകള്‍, പുതിയ കവാടം, പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റിങ്, ഫാന്‍, ലിഫ്റ്റ് സൗകര്യം, പാര്‍ക്കിംഗ് ഏരിയ എന്നീ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവിലെ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നവീകരണവും പദ്ധതിയിലുണ്ട്.

ആലുവ റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ അടിയന്തരമായി തയ്യാറാക്കുന്നതിന് റെയില്‍വേ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.
ഇടുക്കി, മൂന്നാര്‍ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍, അത് പോലെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്റ്റേഷന്‍ എന്ന നിലയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
ബെന്നി ബെഹനാന്‍ എം പി, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സച്ചിന്‍ഡര്‍ മോഹന്‍ ശര്‍മ്മ, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പുഴിതറ, ലിസ ജോണ്‍സണ്‍, എം പി സൈമണ്‍, ഡിവിഷനല്‍ അഡ്വസറി മെമ്പര്‍ വി പി ജോര്‍ജ്, പത്മശ്രീ ഡോ. ടോണി ഫെര്‍ണണ്ടസ്, മറ്റു ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

