

ന്യൂഡല്‍ഹി: ഗൂഗ്ള്‍ ഡൂഡ്ലില് ഫാത്തമി ശൈഖ്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപികയായ ഫാത്തിമ ശൈഖിന്റെ 191-ാം ജന്മദിനത്തിലാണ് അവരോടുള്ള ആദര സൂചകമായി ഗൂഗ്ള്‍ ഇന്ത്യയില്‍ ഡൂഡ്ലാക്കിയത്.
1831 ജനുവരി ഒന്‍പതിന് ബോംബെ പ്രസിഡന്‍സിയിലെ പൂനെയില്‍ ജനിച്ച ഫാത്തിമ ശൈഖ് സാമൂഹ്യ പരിഷ്ക്കര്‍ത്താവും അധ്യാപികയുമാണ്.

ജ്യോതിറാവു ഫൂലേയോടും സാവിത്രിഭായ് ഫൂലേയോടുമൊപ്പം പ്രവര്‍ത്തിച്ച ഫാത്തിമ ശൈഖ് ഫൂലേയുടെ സ്കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. താഴ്ന്ന സമൂഹങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു പഠിപ്പിക്കാനായി അവര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ മിഷനറിയായ സിന്ത്യ ഫറാറിന്റെ അധ്യാപക പരിശീലന കേന്ദ്രത്തിലായിരിക്കെയാണ് ഫാത്തിമ ശൈഖും സാവിത്രിഭായ് ഫൂലെയും പരിചയത്തിലായത്. ഫൂലെ സ്ഥാപിച്ച അഞ്ച് വിദ്യാലയങ്ങളിലും ഫാത്തിമ ശൈഖ് അധ്യാപികയായിട്ടുണ്ട്. എല്ലാ ജാതി മതങ്ങളിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫാത്തിമ ശൈഖ് വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. മുംബൈയിലെ രണ്ട് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് പിന്നിലും ഫാത്തിമ ശൈഖ് പ്രവര്‍ത്തിച്ചു.

