
കോഴിക്കോട്: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണുന്നു. തനിക്കെതിരെ മുസ്‌ലിം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയുടെ നടപടി.

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവെച്ച ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഫാത്തിമ തഹ്‌ലിയയെ പുറത്താക്കിയതായി പറഞ്ഞത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും കുറിപ്പിലുണ്ടായിരുന്നു.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകള്‍ നടത്താതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‌ലിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മുസ്‌ലിം ലീഗ് വിവാദവുമായി ബന്ധപ്പെട്ട് ആഗസ്ത് 18നും ഫാത്തിമ തഹ്‌ലിയ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.

അതിനിടെ ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയ്ക്ക് കോടതിയില്‍ ഹാജരായി മൊഴി നല്കാന്‍ നോട്ടീസ് നല്കി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഹാജരായി മൊഴി നല്കാനാണ് തബ്ഷീറയ്ക്ക് നോട്ടീസ് നല്കിയിരിക്കുന്നത്.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് നോട്ടീസ്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നജ്മയെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഏത് വേശ്യക്കും അവരുടെ ന്യായം പറയാനുണ്ടാവുമെന്ന് നവാസ് അധിക്ഷേപിച്ചെന്നാണ് പരാതി. പാര്‍ട്ടിക്ക് പരാതി നല്കിയെങ്കിലും നടപടി ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ഹരിതയുടെ 10 ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്കുകയായിരുന്നു.
അതിനിടെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയതിന് പിന്നാലെ ലീഗ് വിടുമെന്നുള്ള വാര്‍ത്തകളെ തള്ളി ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിട്ടു. മുസ്#ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്നുമാണ് ഫാത്തിമ തഹ്‌ലിയയുടെ പോസ്റ്റ്.

