കേരളത്തില്‍ ആദ്യമായി ഒ-ആം ഉപയോഗിച്ച് അഡള്‍ട്ട് സ്‌കോളിയോസിസ് ശസ്ത്രക്രിയ; ചരിത്രത്തിന്റെ ഭാഗമായി വി പി എസ് ലേക്ഷോര്‍

Web Desk
2 Min Read

കൊച്ചി: അത്യാധുനിക ഒ-ആം സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തില്‍ ആദ്യമായി അഡള്‍ട്ട് സ്‌കോളിയോസിസ് പരിഹാര ശസ്ത്രക്രിയ നടത്തി വി പി എസ് ലേക്ഷോര്‍ ആശുപത്രി. നട്ടെല്ലിലെ വളവ് മാറ്റുന്നതിനുള്ള അപൂര്‍വ ശസ്ത്രക്രിയയിലൂടെ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്ത് പുത്തന്‍നാഴികക്കല്ലാണ് വി പി എസ് ലേക്ഷോര്‍ പിന്നിട്ടിരിക്കുന്നത്. സ്‌കോളിയോസിസ് ബാധിച്ച അധ്യാപികയായ പ്രീതിജ പി ചന്ദ്രനാണ് (51) ശസ്ത്രക്രിയയിലൂടെ ജീവിതം വീണ്ടെടുത്തത്. ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ആര്‍ കൃഷ്ണകുമാറാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

city exchange

നട്ടെല്ലിന്റെ അസ്വഭാവികമായ വളവ് കാരണം നില്‍ക്കുന്നതിനും നടക്കുന്നതിനും വലിയ പ്രയാസമാണ് രോഗി അനുഭവിച്ചിരുന്നത്. അസന്തുലിതമായ ശരീര ഘടന മൂലം പ്രീതിജയുടെ ദൈനംദിന ജീവിതം വലിയ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു.

ശസ്ത്രക്രിയ നടത്തുന്ന ശരീരഭാഗത്തിന്റെ ഉയര്‍ന്ന റെസല്യൂഷനിലുള്ള 3ഡി ചിത്രങ്ങള്‍ തത്സമയം സര്‍ജന് ലഭ്യമാകുമെന്നതാണ് ഒആം സാങ്കേതിക വിദ്യയുടെ പ്രത്യേകത. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും നട്ടെല്ലില്‍ ഇംപ്ലാന്റുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിനും ഇത് സഹായിക്കുന്നു.

മുന്‍കാലങ്ങളില്‍ അഡള്‍ട്ട് സ്‌കോളിയോസിസ് ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ ചികിത്സ സൗകര്യം പരിമിതമായിരുന്നുവെന്ന് ഡോ. ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരില്‍ ശസ്ത്രക്രിയ അപൂര്‍വമായിരുന്നു. വിപുലമായ സൗകര്യങ്ങളുടെയും അവബോധത്തിന്റേയും കുറവായിരുന്നു ഇതിന് കാരണം. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണിത്. ഒ-ആം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിന്റെ ഘടന തത്സമയം കൃത്യതയോടുകൂടി കാണാന്‍ സാധിക്കും. ഇത് നട്ടെല്ലിനായുള്ള ഒരു ജി പി എസ് സംവിധാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗിക്ക് നിവര്‍ന്നു നില്‍ക്കാനും വേദനയില്ലാത്ത സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

കടുത്ത നടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും മൂലം വലിയ പ്രയാസമാണ് ശസ്ത്രക്രിയക്ക് മുമ്പ് രോഗി അനുഭവിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടി അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

വര്‍ഷങ്ങളായി കടുത്ത വേദനയും ബുദ്ധിമുട്ടുകളും സഹിച്ചാണ് താന്‍ ജീവിച്ചിരുന്നതെന്ന് പ്രീതിജ പറഞ്ഞു. ഒരു അധ്യാപിക എന്ന നിലയില്‍ ജോലിക്കിടെ ദീര്‍ഘനേരം നില്‍ക്കുമ്പോള്‍ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്. എന്നാല്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവും ആത്മവിശ്വാസവും തിരികെ ലഭിച്ചിരിക്കുന്നു. സാധാരണ ജീവിതം നയിക്കാന്‍ ഇപ്പോള്‍ തനിക്ക് സാധിക്കുന്നുണ്ട്. ഡോ. കൃഷ്ണകുമാറിനും വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനോടുമുള്ള നന്ദി അറിയിക്കുകയാണെന്നും അവര്‍ പറഞ്ഞു.

രോഗികള്‍ക്ക് ഏറ്റവും ആധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി പി എസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. ഇവിടുത്തെ മെഡിക്കല്‍ സംഘത്തിന്റെ വൈദഗ്ധ്യവും ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടവുമാണ് ഈ വിജയകരമായ ശസ്ത്രക്രിയയിലൂടെ വ്യക്തമാകുന്നത്. രോഗിക്ക് ആത്മവിശ്വാസവും ജീവിതവും തിരികെ ലഭിച്ചതാണ് തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഒ ഒ ലക്ഷ്മണ്‍ സേതുരാമന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ്, പ്രീതിജയുടെ ഭര്‍ത്താവ് ബിനോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!