അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യക്ഷാമം; നിലനില്‍പ്പിന് കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത് രണ്ടര മാസം പിന്നിടുമ്പോഴേക്കും അഫ്ഗാനിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്നതിനോടൊപ്പം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയും ആഗോളതലത്തില്‍ ലഭ്യമായിരുന്നു ഫണ്ടുകള്‍ ലഭ്യമാകാത്തതുമാണ് അഫ്ഗാനിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.

city exchange

നിലനില്‍പ്പിനുവേണ്ടി മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്നു എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

നവംബര്‍ മാസത്തോടെ രാജ്യത്ത് ശൈത്യം ആരംഭിച്ചതോടെ ഭൂരിപക്ഷം പേര്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കുന്നില്ല. ജനസംഖ്യയുടെ പകുതിയും പട്ടിണിയുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

- Advertisement -
Ad image

ശൈത്യം കനക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടും. ഇതോടെയാണ് പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമാവുക. അഫ്ഗാനിസ്ഥാനിലെ 3.9 കോടിയോളം വരുന്ന ജനസംഖ്യയില്‍ 22.8 മില്യണ്‍ ജനങ്ങളും നവംബറില്‍ കടുത്ത ഭക്ഷ്യക്ഷാമത്തെയാണ് നേരിടാനിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും ഈ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാനിസ്ഥാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ്, വരള്‍ച്ച, ആഭ്യന്തര പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയെല്ലാം നിലവിലുള്ള കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. താലിബാന്‍ ഭരണകൂടത്തിന് ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനാവാത്തതും വലിയ പ്രശ്‌നമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെ ഫുഡ് സെക്യൂരിറ്റി ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ക്ലസ്റ്റര്‍ ഓഫ് അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെതന്നെ ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!