ഗ്രീന്‍ഫീല്‍ഡ് ബൈപാസ് നിര്‍മാണത്തിന് കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കണം

Web Desk
1 Min Read

ന്യൂഡല്‍ഹി: അങ്കമാലി കുണ്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ് നിര്‍മ്മാണ വേളയില്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

city exchange

എന്‍ എച്ച് 66, എന്‍ എച്ച് 966 നിര്‍മാണവേളയില്‍ കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കെട്ടിടത്തിന്റെ പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേകാനുമതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ മാതൃക പിന്തുടര്‍ന്ന് അങ്കമാലി കുണ്ടന്നൂര്‍ എറണാകുളം ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാക്കണം. ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ തന്നെ ഇപ്പോഴത്തെ നിര്‍മ്മാണ ചെലവ് കണക്കാക്കണമെന്നും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോഴത്തെ നിര്‍മ്മാണ ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം പി അവശ്യപെട്ടു.

2013ലെ കേന്ദ്രസ്ഥലമേറ്റെടുപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് വേണം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍. റവന്യൂ രേഖകള്‍ പരിഗണിക്കാതെ നിലവിലെ അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ഒപ്പം ഇപ്പോള്‍ നിര്‍മാണം തുടങ്ങിയിട്ടുള്ള
ചാലക്കുടി മുരിങ്ങൂരിലെ അണ്ടര്‍പാസില്‍ സ്പാനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എം പി മന്ത്രിയെ ധരിപ്പിച്ചു.

- Advertisement -
Ad image

കൂടാതെ ചിറങ്ങര, കൊരട്ടി, പേരാമ്പ്ര പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രദേശത്തെ ഗതാഗത കുരുക്കിന് പോംവഴിയുണ്ടാക്കണമെന്നും എം പി മന്ത്രിയോടാവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട പ്രസ്തുത ആവശ്യങ്ങള്‍ അടങ്ങിയ വിശദമായ നിവേദനങ്ങള്‍ ബെന്നി ബഹനാന്‍ എം പി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൈമാറി.

Share This Article
Leave a Comment
error: Content is protected !!