

ന്യൂഡല്‍ഹി: ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ അയ്‌സിയെ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായി ടാറ്റാ ഗ്രൂപ്പ് നിയമിച്ചു. ഏപ്രില്‍ ഒന്നിനോ അതിനു മുമ്പോ അദ്ദേഹം സ്ഥാനമേല്‍ക്കും.

2015 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു ഇല്‍ക്കര്‍ അയ്‌സി. ഈ വര്‍ഷം ജനുവരി 27നാണ് അദ്ദേഹം രാജിവെച്ചത്. അതേദിവസം തന്നെയാണ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറിയത്.

ഇസ്താംബൂള്‍ മെട്രോപോളിറ്റന്‍ മുന്‍സിപ്പാലിറ്റി മേയറായിരുന്ന റെസിപ്പ് എര്‍ദോഗാന്റെ ഉപദേശകനായിരുന്നു കരിയര്‍ തുടക്കത്തില്‍ അയ്‌സി. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എര്‍ദോഗാനോടൊപ്പം ചുക്കാന്‍ പിടിച്ചിട്ടുണ്ട് അയ്‌സി. നില്‍വില്‍ തുര്‍ക്കി പ്രസിഡന്റാണ് എര്‍ദോഗാന്‍.
ഇല്‍ക്കര്‍ അയ്‌സിയെ എം ഡിയും സി ഇ ഒയുമായി നിയമിക്കാന്‍ ടാറ്റാ ഗ്രൂപ്പ് ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
1971ല്‍ ഇസ്താംബൂളില്‍ ജനിച്ച അയ്‌സി ബില്‍കെന്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 1994ല്‍ വിദ്യാര്‍ഥിയായിരുന്നു. 1995ല്‍ യു കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തിയ ശേഷം 1997ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂര്‍ത്തിയാക്കി.
ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ നിലവിലുള്ള വിജയത്തിലേക്ക് നയിച്ച വ്യോമയാന വ്യവസായ പ്രമുഖനാണ് ഇല്‍ക്കറെന്നും എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ ടാറ്റാ ഗ്രൂപ്പിലേക്ക് ഇല്‍ക്കറെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

