
എ വി ഫര്‍ദിസ്


കോഴിക്കോട്: അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകളിലേക്ക് വീണ്ടും നമ്മെ കൈ പിടിച്ചു നടത്തുകയാണ് മുന്‍ പ്രവാസിയായ ബഷീര്‍ കാടേരിയുടെ ‘ഗ്രാമം’ ഏകാംഗ ഫോട്ടോ പ്രദര്‍ശനം.
കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ബഷീറിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അദ്ദേഹത്തിന്റെ ഫോട്ടോകളിലൂടെ കടന്നുപോകുമ്പോള്‍ നാം കണ്ടുമറന്ന പഴയ നാട്ടിന്‍ പുറത്തെ പ്രത്യേകിച്ച് വയലേലകളും കര്‍ഷക തൊഴിലാളികളെയും കാര്‍ഷിക വൃത്തികളുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളുമായി ബന്ധപ്പെട്ട ഗൃഹാതുരത്വമാണ് ആദ്യം നമ്മിലേക്കോടിയെത്തുക.


ബഷീറിന്റെ തന്നെ കേരള ലളിത കലാ അക്കാദമി ബെസ്റ്റ് ഫോട്ടോ അവാര്‍ഡ് ലഭിച്ച അടുപ്പെരിയാത്ത പട്ടിണിയുടെ പ്രതീകമായ പഴയ വിറകടുപ്പുള്ള അടുക്കളയുടെ ഫോട്ടോയോടു കൂടിയാണ് പ്രദര്‍ശനം തുടങ്ങുന്നത്. പിന്നീടങ്ങനെ കാഴ്ചക്കാരനെ അനേകം നേരത്തേക്ക് മലപ്പുറത്തിന്റെ ഗ്രാമീണ കാഴ്ചകളിലേക്ക് കൈപിടിച്ചു നടത്തുകയാണ് ബഷീര്‍.
സിമന്റ് വരുന്നതിന് മുന്‍പുള്ള മണ്ണ് കൊണ്ട് തേച്ച ചുവരുകളുള്ള വീടുകള്‍, കാതില്‍ ചിറ്റും അല്‍ക്കാനുമൊക്കെയിട്ട പഴയ തലമുറയിലെ സ്ത്രീകള്‍, വെളിച്ചത്തിന്റെയും നിഴലിനെയും മനോഹരമായി സംയോജിപ്പിച്ച പള്ളിയുടെ അകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്ന മുസ്ല്യാര്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായി എണ്ണാവുന്ന ഫോട്ടോകളാണ്. അഞ്ചു വര്‍ഷം മുന്‍പ് വരെ ജിദ്ദയില്‍ ഉണ്ടായിരുന്ന ബഷീര്‍ അവിടെയും ഈ രംഗത്ത് സജീവമായിരുന്നു.
സൗദി അറേബ്യയിലായിരിക്കെയും നാട്ടിലെത്തിയപ്പോഴും അനേകം പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഈ മേഖലയില്‍ ബഷീറിന്. സഊദി വോയ്‌സ് ഓഫ് ഇന്ത്യ, സൗദി നവോദയ ഈസ്റ്റേണ്‍ പ്രൊവിന്‍ഷ്യന്‍ മാധ്യമം, കണ്ണൂര്‍ ട്രാവല്‍.കോം, കുടുംബ ശ്രീ, ബാലസംഘം എന്നിവ അവയില്‍ ചിലതാണ്.
പ്രദര്‍ശനം 28 ന് സമാപിക്കും.

