
റിയാദ്: സൗദി അറേബ്യയിലെ മിസൈല്‍ പ്രതിരോധം അമേരിക്ക പിന്‍വലിച്ചു. യമനിലെ ഹൂതി വിമതരില്‍ നിന്നും രാജ്യം തുടര്‍ച്ചയായ വ്യോമാക്രമണം നേരിട്ടുകൊണ്ടിരിക്കെയാണ് യു എസിന്റെ നൂതനമായ മിസൈല്‍ പ്രതിരോധ സംവിധാനവും പാട്രിയറ്റ് ബാറ്ററികളും സൗദിയില്‍ നിന്ന് നീക്കം ചെയ്തതായി ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ നിന്നും പ്രതിരോധ സേനയെ പിന്‍വലിക്കുന്നതും അഫ്ഗാനില്‍ നിന്നും സേന പിന്മാറുന്നതും സൗദി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. യു എസിന്റെ പദ്ധതികളെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്.

റിയാദില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കായാണ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. എണ്ണയുത്പാദന കേന്ദ്രത്തില്‍ നടന്ന 2019ലെ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യു എസ് സൈനികര്‍ ഇവിടെയുണ്ടായിരുന്നു. യമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനു പിന്നില്‍ ഇറാനുണ്ടെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്. ഇക്കാര്യം ടെഹ്‌റാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സമാനമായ ഡ്രോണുകള്‍ ഇറാന്റെ കൈവശമുള്ളതായി ജനുവരിയില്‍ നടന്ന ഒരു അഭ്യാസ പ്രകടനത്തില്‍ പുറത്തുവന്നിട്ടുണ്ട്.


എയര്‍ ബേസിന്റെ റണ്‍വേയുടെ തെക്കു പടിഞ്ഞാറായി ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അമേരിക്കന്‍ സേനയുടെ പാട്രിയറ്റ് മിസൈലുകളും ബാറ്ററികളും സ്ഥാപിച്ചിരുന്നത്. എന്നാല്‍ ആഗസ്ത് അവസാനത്തില്‍ ഒരു ഉപഗ്രഹ ചിത്രത്തില്‍ അവിടെ നിന്നും ചില ബാറ്ററികള്‍ നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. എങ്കിലും പ്രവര്‍ത്തിക്കുന്നതായും വാഹനങ്ങളുള്ളതായും കണ്ടെത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ചിത്രീകരിച്ച മിഴിവുള്ള ചിത്രത്തില്‍ പ്രവര്‍ത്തനങ്ങളില്ലാതെ സാറ്റലൈറ്റ് ബാറ്ററികളുടെ പാഡുകള്‍ ശൂന്യമായാണ് കണ്ടെത്തിയത്.
മിസൈലുകള്‍ പുനര്‍വിന്യസിക്കുമെന്ന അഭ്യൂഹം മാസങ്ങളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ചില വ്യോമ പ്രതിരോധ ആസ്തികള്‍ പുനര്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും മിഡിലീസ്റ്റ് സഖ്യകക്ഷികളോട് വിശാലവും ആഴമേറിയതുമായ പ്രതിബദ്ധതയാണ് യു എസിനുള്ളതെന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്.


