Featured
ഖത്തര്‍ 2025 ഫിഫ വളണ്ടിയര്‍ പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ദോഹ: ഫിഫയും ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 എന്നിവയുടെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ഖത്തര്‍ 2025 ഫിഫ വളണ്ടിയര്‍ പ്രോഗ്രാമിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.


നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന രണ്ട് പരിപാടികളുടെയും നടത്തിപ്പിനെ പിന്തുണയ്ക്കാന്‍ താത്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടൂര്‍ണമെന്റ്, മീഡിയ പ്രവര്‍ത്തനങ്ങള്‍, കാണികളുടെ സേവനങ്ങള്‍, അക്രഡിറ്റേഷന്‍, ഹോസ്പിറ്റാലിറ്റി, അതിലേറെയും ഉള്‍പ്പെടെ 20 പ്രവര്‍ത്തന മേഖലകളെ പിന്തുണയ്ക്കുന്നതിനായി 30 റോളുകളിലായി ഏകദേശം 4,000 വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.

രണ്ടാഴ്ചയാണ് റജിസ്‌ട്രേഷന് സമയം അനുവദിച്ചിരിക്കുന്നത്. ജൂണില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കും. ലുസൈല്‍ സ്റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന വളണ്ടിയര്‍ റിക്രൂട്ട്‌മെന്റ് സെന്ററില്‍ നേരിട്ടുള്ള അഭിമുഖങ്ങള്‍ നടക്കും. ഖത്തറില്‍ നടന്ന ഫിഫ ഇവന്റുകളില്‍ മുന്‍ പരിചയമുള്ള വളണ്ടിയര്‍മാരെ അഭിമുഖ ഘട്ടത്തില്‍ നിന്ന് ഒഴിവാക്കും.


രണ്ട് ടൂര്‍ണമെന്റുകള്‍ക്കുമായി ഒരു അപേക്ഷ നല്‍കിയാല്‍ മതിയാവുന്നതാണ്. കൂടാതെ അപേക്ഷകര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട മേഖല സൂചിപ്പിക്കാനും കഴിയും. ഓവര്‍ലാപ്പിംഗ് ഷെഡ്യൂളുകള്‍ കാരണം ഒരു ഇവന്റിലേക്കായിരിക്കും നിയോഗിക്കപ്പെടുക. ലഭ്യത, പ്രൊഫൈല്‍ പൊരുത്തപ്പെടുത്തല്‍, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
പരിശീലനം, ഔദ്യോഗിക വളണ്ടിയര്‍ യൂണിഫോം, ഷിഫ്റ്റുകളില്‍ ഭക്ഷണം, പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്കും തിരിച്ചും സൗജന്യ പൊതുഗതാഗതം, പരിമിത പതിപ്പ് സമ്മാനങ്ങളും സ്മരണികകളും, സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും പുതിയ കഴിവുകള്‍ വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍, ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അനുഭവത്തില്‍ നിന്നുള്ള മറക്കാനാവാത്ത ഓര്‍മ്മകള്‍ തുടങ്ങിയവ വളണ്ടിയര്‍മാര്‍ക്ക് ലഭിക്കും.
വളണ്ടിയറായി റജിസ്റ്റര്‍ ചെയ്യാന്‍ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്:
https://volunteer.fifa.com/invite/qatar2025


