NEWS
ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍

ആലുവ: ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാലുപേരെ ആലുവ പൊലീസ് പിടികൂടി. ഇടുക്കി തങ്കമണി വലിയപറമ്പില്‍ വിബിന്‍ ബിജു (22), ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടില്‍ ജിനോയ് ജേക്കബ് (33),
തൃശൂര്‍ വെള്ളിക്കുളങ്ങര തോട്ടുങ്ങല്‍ വീട്ടില്‍ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ (29) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.


16ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടില്‍ നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ശ്രീജേഷിനെ ഓവര്‍ ബ്രിഡ്ജിനടിയിലെ റയില്‍വേ ട്രാക്കില്‍ വച്ച് കവര്‍ച്ചാ സംഘം കഴുത്തിലും വായിലും കത്തി വച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുകയായിരുന്നു. പരാതി ലഭിച്ചയുടനെ പ്രത്യേക ടീം രുപീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. നിരവധി സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. മണപ്പുറം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

വിബിന്‍ ബിജുവിനെതിരെ മുളന്തുരുത്തി, എറണാകുളം നോര്‍ത്ത്, ചോറ്റാനിക്കര, കുന്നംകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ജിനോയ് ജേക്കബിന് എറണാകുളം സൗത്ത്, സെന്‍ട്രല്‍, അരൂര്‍, കണ്ണമാലി, മരട്, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.


ആലിഫിനെതിരെ വെള്ളിക്കുളങ്ങര, പാലാരിവട്ടം, സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളിലും മുഹമ്മദ് ഫൈസലിന് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. കവര്‍ച്ച നടത്തിയ ഫോണ്‍ കണ്ടെടുത്തു.
ഡിവൈ എസ് പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ്, എസ് ഐ കെ നന്ദകുമാര്‍, സീനിയര്‍ സി പി ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ്, മേരി ദാസ്, പി ആര്‍ ശ്രീരാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


