

ദോഹ: ഖത്തറിലെ അട്ടിമറിയേതെന്ന ചോദ്യത്തിന് ഉത്തരമായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ച് സൗദി അറേബ്യ ആദ്യ മത്സരം സ്വന്തമാക്കി. ലോകകപ്പ് സ്വന്തമാക്കിയതിനേക്കാള്‍ ആഹ്ലാദം സൗദിക്ക്.

ആദ്യ പകുതിയില്‍ കളം നിറഞ്ഞും ആശങ്കയില്ലാതെയും കളിച്ച അര്‍ജന്റീനക്ക് കണ്ണീരുപ്പിന്റെ രണ്ടാം പകുതിയാണ് സൗദി സമ്മാനിച്ചത്. എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന് പ്രതീക്ഷിച്ച മത്സരമാണ് അര്‍ജന്റീന നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒന്നിനു പിറകെ ഒന്നായി മൂന്നു ഗോളുകള്‍ക്ക് റഫറി ഓഫ്‌സൈഡ് വിളിച്ചപ്പോള്‍ വിധി അര്‍ജന്റീനയ്‌ക്കെതിരായി.


ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളുമായി അര്‍ജന്റീന മുന്നിട്ടു നിന്നെങ്കിലും മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടിയാണ് സൗദി തങ്ങളുടെ കളി ജയം ഉറപ്പിച്ചത്. സൗദി നേടിയ ഗോളുകള്‍ക്ക് പിന്നാലെ അര്‍ജന്റീന നടത്തിയ എല്ലാ ആക്രമണങ്ങളേയും പ്രതിരോധിച്ച് സൗദി തങ്ങളുടെ വിജയത്തിന്റെ ആധികാരികത ഉറപ്പിച്ചു.
സൗദി അറേബ്യയ്ക്കു വേണ്ടി 48-ാം മിനുട്ടില്‍ സാല അല്‍ ഷെഹ്‌റിയും 53-ാം മിനുട്ടില്‍ സാലെ അല്‍ ദവ്‌സാരിയുമാണ് ഗോളുകള്‍ നേടിയത്. പത്താം മിനുട്ടിലാണ് മെസ്സി അര്‍ജന്റീനയ്ക്കായുള്ള ഗോള്‍ നേടിയത്.
തുടര്‍ച്ചയായ 34 വിജയങ്ങള്‍ക്ക് ശേഷം തോല്‍വിയറിഞ്ഞ അര്‍ജന്റീനയ്ക്ക് പക്ഷേ, ആ തോല്‍വിക്ക് വലിയ വിലയാണ് നല്‍കേണ്ടി വരിക. ഏറ്റവും ഒടുവില്‍ അര്‍ജന്റീന ലോകകപ്പില്‍ കളിച്ച ആറു കളികളില്‍ നാലാമത്തെ പരാജയം. അര്‍ജന്റീനയ്ക്കു വേണ്ടി 22-ാം മിനുട്ടില്‍ മെസ്സിയും 28, 34 മിനുട്ടുകളില്‍ ലൗട്ടാരോ മാര്‍ട്ടിനസും നേടിയ ഗോളുകളെല്ലാം ഓഫ്‌സൈഡ് വിളിയില്‍ അവസാനിച്ചു.
ഒരു അറബ് രാജ്യത്തോട് ആദ്യമായാണ് അര്‍ജന്റീന പരാജയം രുചിക്കുന്നത്.

