
ഗസ: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗസ സമാധാനത്തിനും പുനര്‍ നിര്‍മാണത്തിനുമെന്ന പേരില്‍ രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന് നടക്കും. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടവും തകര്‍ന്ന പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമാണ് ആദ്യ യോഗത്തിലെ പ്രധാന അജണ്ടകള്‍.

കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസിന്റെ പദ്ധതി പ്രഖ്യാപിച്ചത്. യു എ ഇ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, ബഹ്‌റൈന്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഹംഗറി, മൊറോക്കോ, കോസോവോ, അല്‍ബേനിയ, ബള്‍ഗേറിയ, അര്‍ജന്റീന, പരാഗ്വേ, കസാഖിസ്ഥാന്‍, മംഗോളിയ, ഉസ്ബെക്കിസ്ഥാന്‍, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം എന്നിവയാണ് ബോര്‍ഡ് ഓഫ് പീസിലെ ആദ്യ അംഗങ്ങള്‍.

ഐക്യരാഷ്ട്ര സഭയുടെ അധികാരം ദുര്‍ബലപ്പെടുത്തുമെന്നുമുള്ള ആശങ്കയും ആദ്യത്തെ വര്‍ഷം പിന്നിടുമ്പോഴേക്കും ഒരു ബില്യന്‍ ഡോളര്‍ ഫീസ് അടക്കുന്നവര്‍ക്ക് സ്ഥിരാംഗത്വവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനാല്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍ പലതും ബോര്‍ഡില്‍ ചേരുന്നതില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ബോര്‍ഡ് ഓഫ് പീസിന് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജോ ബൈഡന്റെ ഭരണകാലത്ത് യു എസില്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ വിട്ടുനല്‍കണമെന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്.
ഡൊണള്‍ഡ് ട്രംപ് തന്നെയായിരിക്കും ബോര്‍ഡ് ഓഫ് പീസിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍, അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ സി ഇ ഒ മാര്‍ക്ക് റോവന്‍ എന്നിവരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍.
ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം ബോര്‍ഡിന്റെ ആദ്യ യോഗം ഗസയുടെ പുനര്‍നിര്‍മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിലായിരിക്കും കേന്ദ്രീകരിക്കുക.
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും ഭരണവും പുനര്‍നിര്‍മാണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാനും ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.
ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ട്രംപ് ഇടപെട്ടും തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലും 2025 ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അതിനു ശേഷവും ഇസ്രായേല്‍ കടുത്ത ആക്രമണങ്ങള്‍ തുടരുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ അറുന്നൂറോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിന് ഒരു ദിവസം മുന്‍പ് ഫെബ്രുവരി 18ന് നെതന്യാഹു വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പ്രസ്തുത കൂടിക്കാഴ്ചയില്‍ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് ഇസ്രായേലിന്റെ ഭാഷ്യം.

