

ദോഹ: ഡിജിറ്റല്‍ അമിതോപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളും അതില്‍ നിന്ന് മുക്തി നേടുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളും മുന്നോട്ടു വെച്ച ശ്രദ്ധയമായ ചര്‍ച്ചാ സംഗമത്തിന് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) വേദിയൊരുക്കി.

പ്രമുഖ പ്രചോദന പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. താജ് ആലുവ വിഷയാവതരണം നടത്തി. സര്‍വ ജീവിത വ്യവഹാരങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ബന്ധിപ്പിക്കപ്പെട്ട സമകാലിക സാഹചര്യത്തില്‍ അനന്തമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും മീഡിയയെയും ആശ്രയിക്കേണ്ടത് അനിവാര്യമാണെങ്കിലും അതില്‍ പാലിക്കേണ്ട സന്തുലിതത്വത്തെയും നേരിട്ടുള്ള സാമൂഹിക വിനിമയങ്ങളും വ്യവഹാരങ്ങളും വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള ഗൗരവാവഹമായ ചിന്തകള്‍ അദ്ദേഹം പങ്കുവെച്ചു.


മാനസികാരോഗ്യത്തിലും മനസ്സിന്റെ ഏകാഗ്രതയിലും വ്യക്തിബന്ധങ്ങളിലും ക്രിയാത്മകമായി സ്വാധീനം ചെലുത്തുന്ന രീതിയിലേക്ക് സ്‌ക്രീന്‍ ടൈം ഉപഭോഗം നിയന്ത്രിക്കാനും പുന:ക്രമീകരിക്കാനുമുള്ള വഴികള്‍, അനിവാര്യമായ തലത്തിലും തോതിലും മാത്രം ഡിജിറ്റല്‍ ആശ്രയത്വത്തെ പരിമിതപ്പെടുത്തുകയും സംഭവലോകത്തെ ഇടപഴകലുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നതിന് സഹായകമാകും വിധം ‘ഡിജിറ്റല്‍ വേള്‍ഡ് ലൈഫ്’ ക്രമീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.

ഡിജിറ്റല്‍ ഉപയോഗത്തില്‍ സ്വയം അവബോധവും ആത്മനിയന്ത്രണവും ആര്‍ജിക്കാനും വളര്‍ത്താനുമുള്ള പ്രായോഗിക പരിശീലനങ്ങളും ഏറെ പ്രൗഢവും വിജ്ഞാനപ്രദവുമായ ഡോ. താജിന്റെ പ്രസന്റേഷന്റെ ഭാഗമായിരുന്നു. സോഷ്യല്‍ മീഡിയയുടെ അനുകൂലവും പ്രതികൂലവുമായ സാധ്യതകളോടൊപ്പം ‘ഡിജിറ്റല്‍ സ്വാതന്ത്ര്യം’ നേടി സ്വാഭാവിക ദൈനംദിന ജീവിതവും മാനുഷിക ബന്ധങ്ങളും തിരിച്ചുപിടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചര്‍ച്ചയില്‍ സദസ്യരുടെ ഭാഗത്തു നിന്നുണ്ടായ ക്രിയാത്മകമായ ഇടപെടലുകളും ചോദ്യോത്തര വേളയും പരിപാടിയെ സജീവമാക്കി.
ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. താജ് ആലുവയെ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി. മാനേജിംഗ് കമ്മിറ്റി അംഗം സറീന അഹദ് സ്വാഗതവും റഊഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത് പരിപാടി നിയന്ത്രിച്ചു.

