Business
പരിമിത സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മികച്ച വിജയങ്ങള്‍ കൈവരിക്കാം: വിജി വെങ്കടേഷ്
കൊച്ചി: പരിമിതമായ സാഹചര്യങ്ങളും സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയാണ് മുത്തുച്ചിപ്പിയില്‍ മുത്തുണ്ടാകുന്നത്. അത്തരത്തില്‍ ലോകമാണ് നിങ്ങളുടെ മുത്തുച്ചിപ്പിയെന്ന് കരുതുന്നവര്‍ക്ക് വിജയം നേടാനാവുമെന്ന് മാക്‌സ് ഫൗണ്ടേഷന്‍ സൗത്ത് ഏഷ്യ റീജിയന്‍ ഹെഡും നടിയുമായ വിജി വെങ്കടേഷ് പറഞ്ഞു. വിമന്‍ എന്റര്‍പ്രണേഴ്സ് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്‍ വെന്‍ ബിസ്‌കോണ്‍ 2024 കൊച്ചി ഗ്രാന്റ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഏതു കാര്യത്തിലും തുടര്‍ച്ചയായ പഠനവും പറ്റില്ലെന്ന ചിന്താഗതിയും ഉപേക്ഷിക്കുകയും ഓരോരുത്തരുടേയും ഉള്ളിലേക്ക് നോക്കുകയും സ്വയം ശക്തി തിരിച്ചറിയുകയും ചെയ്യുന്നവര്‍ക്ക് വിജയത്തിലേക്കുള്ള വഴി തുറക്കുമെന്നും അവര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഷീല കൊച്ചൗസേപ്പ് അധ്യക്ഷത വഹിച്ചു.
വേലിക്കെട്ടുകള്‍ തകര്‍ക്കുക പാരമ്പര്യം കെട്ടിപ്പടുക്കുക എന്ന ടാഗ്ലൈനില്‍ സംഘടിപ്പിക്കുന്ന വെന്‍ ബിസ്‌കോണ്‍ 2024ന്റെ പ്രമേയം ഇന്‍സ്പെയര്‍, ഇന്നൊവേറ്റ്, ഇവോള്‍വ് എന്നതാണ്.
എഴുത്തുകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റും പോസിറ്റീവ് റെവല്യൂഷന്‍ സഹസ്ഥാപകനുമായ പോള്‍ റോബിന്‍സണ്‍, യൂട്യൂബറും ആങ്കറും നടിയും പേളി പ്രൊഡക്ഷന്‍ സഹസ്ഥാപകയുമായ പേളി മാണി, നാച്ചുറല്‍ സലൂണ്‍ ആന്റ് സ്പാ സഹസ്ഥാപകനും സി എം ഡിയുമായ സി കെ കുമാരവേല്‍, അംബിക പിള്ളൈ സ്ഥാപക അംബിക പിള്ള, ആര്‍ത ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപക ഉത്തര രാമകൃഷ്ണന്‍, പി ബി മുരികന്‍ ആന്റ് അസോസിയേറ്റ്സ് സ്ഥാപക പുഷ്പി മുരികന്‍, പ്യുര്‍ ലിവിംഗ് സ്ഥാപക ലക്ഷ്മി എന്‍ മേനോന്‍, ഷോപ്പി സഹസ്ഥാപക നികിത ശങ്കര്‍, ഫെമിസെയ്ഫ് സഹസ്ഥാപക നൗറീന്‍ ആയിഷ, ഇഴ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ട്സ് സഹസ്ഥാപക സ്വാതി സുബ്രഹ്മ്ണ്യന്‍, ഹിപ്സ്വേ സഹസ്ഥാപകയും നടിയുമായ അപര്‍ണ ബാലമുരളി, വെന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ദിവിയ തോമസ്, സെക്രട്ടറി ഡോ. മുംതാസ് ഖാലിദ് ഇസ്മാഈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.