

നോര്‍ത്ത് ഇടപ്പള്ളി: ലോക സൈക്കിള്‍ ദിനത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെയും പ്രകൃതി സൗഹൃദത്തിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കി നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സൈക്കിള്‍ യാത്ര പഠന കാലത്ത് ജീവിതത്തിന്റെ ഭാഗമാക്കിയാണ് ഈ വിദ്യാലയത്തിലെ അധിക വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തുന്നത്.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ അധിക വിദ്യാര്‍ഥികളും ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ സൈക്കിളിനെ ആശ്രയിച്ചാണ് സ്്കൂളിലെത്തുന്നത്. സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ മൂന്ന് സൈക്കിള്‍ ദിനമായി ആചരിക്കുന്നതെന്നും മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിളെന്നും സ്‌കൂളിലെ സൈക്കിള്‍ ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് സിയാന്‍ പറഞ്ഞു.

ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ് സൈക്കിളെന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടാണ്. ഇരുചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീര്‍ഘ നാളത്തെ ഈട് നില്‍ക്കല്‍, മറ്റ് സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ മൂന്നിന് ലോക സൈക്കിള്‍ ദിനമായി പ്രഖ്യാപിച്ചതെന്നും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിള്‍ സുസ്ഥിര ഗതാഗത മാര്‍ഗമാണെന്നും ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു കെ കുട്ടികളെ ഓര്‍മ്മപ്പെടുത്തി.
സൈക്കിള്‍ ഉപയോഗിക്കുന്നത് വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൈക്ലിംഗ് നടത്തുന്ന ധാരാളം ആളുകളുണ്ടെന്നും ടീച്ചര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. അന്യം നിന്നു പോയേക്കാവുന്ന സൈക്കിള്‍ സവാരി സുരക്ഷിതമായി നിലനിര്‍ത്തുക എന്ന സന്ദേശം ഇളം തലമുറക്ക് പകര്‍ന്ന് നല്‍കലാണ് സ്‌കൂള്‍ സൈക്കിള്‍ ക്ലബ്ബിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്. 150ല്‍ അധികം വിദ്യാര്‍ഥികളാണ് ഓരോ ദിവസവും സൈക്കിള്‍ ആശ്രയിച്ച് സ്‌കൂളില്‍ എത്തുന്നത്. സൈക്കിള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിക്കും തിരക്കും ഒഴിവാക്കുന്നതിന്റെ ഭാഗമായി നടന്ന് പോകുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും പുറത്ത് പോയതിന് ശേഷമാണ് സൈക്കിളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരമായ എലിസബത്ത് കെ എസ്, നവീന്‍ പുതുശേരി, മാഹിന്‍ ബാഖവി, എം എം മുത്തലിബ്, സുജ കെ മേനോന്‍, സ്വപ്ന വി, അഖില എം എസ്, ബിജി കെ ആന്‍ഡ്രൂസ്, ദിവ്യ ഭരതന്‍, അനിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

