കരിപ്പൂരിലെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

Web Desk
2 Min Read

കോഴിക്കോട്: കരിപ്പൂര്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. സംസ്ഥാനത്ത് നിന്നുള്ള 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായിരിക്കെ കേവലം 20 ശതമാനത്തില്‍ താഴെ ഹജ്ജ് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊച്ചി എയര്‍പോര്‍ട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം വരുന്ന മലബാറിലെ ഹജ്ജ് യാത്രക്കാരോടുള്ള അനീതിയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

city exchange

നേരത്തെ ഒന്നര ദശകത്തിലധികം ആയിരക്കണക്കിന് ഹാജിമാര്‍ പുറപ്പെടല്‍ കേന്ദ്രമായി ഉപയോഗിച്ചിരുന്നത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു. ഇതിന് സമീപത്തായി ഹജ്ജ് തീര്‍ഥാടകര്‍ക്കായി കോടിക്കണക്കിനു രൂപ ചെലവില്‍ 2007ല്‍ വിശാല സൗകര്യമുള്ള ഹജ്ജ് ഹൗസും ഹജ്ജ് കമ്മിറ്റി ആസ്ഥാനം ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട്. പുതുതായി 8.2 കോടിയോളം രൂപ ചെലവില്‍ വനിതാ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നു. ഈ സൗകര്യങ്ങളെല്ലാം ഉണ്ടായിരിക്കെ അതെല്ലാം ഒഴിവാക്കി കൊച്ചിയിലേക്ക് പുറപ്പെടല്‍ കേന്ദ്രം മാറ്റുന്നത് വിശുദ്ധ തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്ന നടപടിയാണ്.

കേന്ദ്ര സര്‍ക്കാരും ഹജ്ജ്, വ്യോമയാന മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പ്രസ്തുത തീരുമാനം തിരുത്തി കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കോഴിക്കോട് അന്താരാഷ്ട്ര് വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നിന്ന് പുറപ്പെടല്‍ കേന്ദ്രമാക്കുന്നതോടെ ഹാജിമാര്‍ക്ക് സൗകര്യമൊരുക്കാന്‍ കെട്ടിടം വാടകക്കെടുക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഹജ്ജ് കമ്മിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. കൂടാതെ ഉത്തര മലബാര്‍ ജില്ലകളില്‍ നിന്ന് പ്രായമായ ഹാജിമാര്‍ 10 മണിക്കൂറിലധികം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്. ഹാജിമാര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ടേബിള്‍ ടോപ്പ് എന്ന പേരു പറഞ്ഞാണ് അവഗണനയാരംഭിച്ചത്.

- Advertisement -
Ad image

2020ലെ വിമാന ദുരന്തത്തിന്റെ പേരില്‍ വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് അനുമതി നിഷേധിക്കുകയായിരുന്നു. റണ്‍വേയുടെ സൗകര്യക്കുറവ് കാരണമല്ല മറിച്ച് പൈലറ്റിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരിക്കെ വലിയ വിമാനങ്ങളുടെ സര്‍വീസിനു അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആയിരക്കണക്കിന് ഹാജിമാരും പ്രവാസികളും ആശ്രയിക്കുന്നതും വലിയ വികസന പാതകള്‍ക്കു വഴിയൊരുക്കിയതുമായ കോഴിക്കോട് അന്താരാഷ്ട്ര വിമാത്താവളത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരണമെന്നും സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.

റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ)യുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ നിലവിലെ റണ്‍വേയുടെ നീളം (2860 മീറ്റര്‍) വെട്ടിചുരുക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പൂര്‍ണമായി ഇല്ലാതാകുകയും ചെറിയ വിമാനങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുകയും ചെയ്യും. കരിപ്പൂരിന്റെ സജീവ ഇടം വ്യോമഗതാഗത ചിത്രത്തില്‍ നിന്നും എന്നെന്നേക്കുമായി മാറ്റിനിറുത്തപ്പെടാന്‍ ഇത് കാരണമാകും. നിലവിലെ റണ്‍വേയുടെ നീളം കുറക്കാതെ തന്നെ റിസയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുളള സ്ഥലവും സൗകര്യവും വിമാനത്താവള ഉടമസ്ഥതയില്‍ തന്നെ ഉണ്ടെന്നിരിക്കെ, ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ തീര്‍ഥാടകരുള്‍പ്പെടെ നിരവധി പേരുടെ പ്രതീക്ഷാ കേന്ദ്രമായ കരിപ്പൂരിന്റെ ചിറകരിയുന്ന നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെന്ന് ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ ക്രമീകരണങ്ങളും താറുമാറാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദലിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!