
ദോഹ: മൂന്നു പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തര്‍ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്‌നേഹാദരം അര്‍പ്പിച്ചു.

തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഭാരവാഹികളായ നവാസ് ആസാദ് നഗര്‍, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂര്‍, സിദ്ദിഖ് പടിഞ്ഞാര്‍ എന്നിവര്‍ അഭിനന്ദനവും യാത്രയപ്പ് സമ്മാനവും നല്‍കി.

ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത ഹമീദ് അറന്തോട് 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. അനവധി പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊടുക്കുന്നതിലൂടെ ജീവിതോപാധി ഉറപ്പിച്ച അദ്ദേഹം പ്രവാസി സമൂഹത്തിനിടയില്‍ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടു.
ദോഹ മുനിസിപ്പാലിറ്റിയിലെ ബലദിയ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട് നാട്ടില്‍ മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് വഴിയാണ് സംഘടനാരംഗത്ത് പ്രവേശിച്ചത്. തുടര്‍ന്ന് ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കൗണ്‍സില്‍ അംഗം, മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മധൂര്‍ പഞ്ചായത്ത് കെ എം സി സിയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കൂടാതെ എസ്‌കെ എസ് എസ് എഫ് ഖത്തര്‍ ജില്ലാ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചു.
ദുരിതബാധിതര്‍ക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുകയും വ്യക്തിപരമായ സമയവും വിഭവങ്ങളും സാമൂഹ്യ സേവനത്തിനായി മാറ്റിവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന് മാതൃകാപരമാണെന്ന് കൂട്ടായ്മകള്‍ അഭിപ്രായപ്പെട്ടു.

