
തിരുവനന്തപുരം: പ്രവചനങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത അതിതീവ്ര മഴയാണ് ശനിയാഴ്ച കേരളത്തിലുണ്ടായത്. കേരള തീരത്തിന് സമീപം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നുള്ള ധാരണ കാലവസ്ഥ നിരീക്ഷകര്‍ക്കുണ്ടായിരുന്നു.


എന്നാല്‍ സാധാരണ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വടക്കോട്ടാണ് നീങ്ങാറ്, പക്ഷെ കഴിഞ്ഞ ദിവസം ഈ വഴിമാറി ന്യൂനമര്‍ദ്ദം തെക്കോട്ട് സഞ്ചരിച്ചതോടെ തെക്കന്‍ കേരളത്തില്‍ പേമാരിയായി.
രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും. ഈ മണിക്കൂറുകളില്‍ പീരുമേട്ടില്‍ ലഭിച്ച മഴ 21 സെന്റിമീറ്റര്‍, പൂഞ്ഞാറില്‍ 14 സെ.മീ, കോന്നിയിലും ചെറുതോണിയിലും 13 സെ.മീ എന്നിങ്ങനെയാണ്. മലയോര മേഖലകളില്‍ ഇന്നലെ നടന്നത് ഒരു ലഘുമേഘസ്‌ഫോടനം തന്നെയാണ്.പത്തനംതിട്ടയിലും കനത്ത മഴയാണ് ഉണ്ടായത്.
അറബിക്കടലിലെ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തില്‍ ഓഗസ്റ്റ് മാസത്തിലെ കാലവര്‍ഷത്തോടൊപ്പം ചേര്‍ന്ന് വലിയ മഴക്കെടുത്തി ഉണ്ടാക്കുന്ന പ്രതിഭാസം 2018 മുതല്‍ 2020 വരെ സംഭവിച്ചിരുന്നു.
