

ദോഹ: ഗാസയില്‍ നാല് ദിവസത്തെ മാനുഷിക വിരാമം ഔപചാരികമായി ആരംഭിച്ചു.

ഇന്ധന ട്രക്കുകളും മാനുഷിക സഹായങ്ങളും റാഫ ലാന്‍ഡ് ക്രോസിംഗിലൂടെ കൂടുതല്‍ വേഗത്തില്‍ ഗാസ മുനമ്പിലേക്ക് ഒഴുകാന്‍ തുടങ്ങി.
ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നതു പ്രകാരം ഫലസ്തീന്‍ പ്രാദേശിക സമയം രാവിലെ ഏഴു മണിക്ക് താത്ക്കാലികമായി വെടി നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ഏഴ് ഇന്ധന ട്രക്കുകള്‍ റാഫ ക്രോസിംഗ് വഴി ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.


താത്ക്കാലിക കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച ഫലസ്തീനികള്‍ നാല് ദിവസത്തെ മാനുഷിക വിരാമത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
റാഫ ക്രോസിംഗ് അഡ്മിനിസ്‌ട്രേഷന്റെ വക്താവ് ഗാസ മുനമ്പിലേക്ക് സഹായ, ഇന്ധന ട്രക്കുകളുടെ പ്രവേശനം സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ദിവസം 230 ട്രക്കുകള്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു. ഇന്ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന 39 ഫലസ്തീന്‍കാരുടെ പേരുകളടങ്ങിയ ലിസ്റ്റ് ഫലസ്തീന്‍ അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. പ്രസ്തുത പട്ടിക അന്തിമമായേക്കില്ലെന്നു കേള്‍ക്കുന്നതായും അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ നിന്നുള്ള ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ ഇസ്രയേലി ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 6,150 കുട്ടികളും നാലായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ 15,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 36,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

