
ഹൈദരാബാദ്: മിയാ ഭായ് എന്ന ഹിറ്റ് റാപ്പിലൂടെ പ്രശസ്തനായ ഹൈദരാബാദി റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു. സംഗീതം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നതിനാലാണ് സംഗീത ലോകത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് റുഹാന്‍ പറഞ്ഞു. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സംഗീതത്തിലൂടെ മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ പറ്റിയതില്‍ നന്ദിയുള്ളവനാണ്. എന്നിരുന്നാലും, ഇപ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലും സ്വയം ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് റുഹാന്‍ വ്യക്തമാക്കി. സംഗീതം ജീവിതവഴിയായിരുന്നതിനാല്‍ ഇനി അങ്ങോട്ട് ചെറിയ ബിസിനസ് ആരംഭിച്ച് ജീവിക്കാനാണ് തീരുമാനമെന്നും റുഹാന്‍ പറഞ്ഞു.
സംഗീതത്തില്‍ നിന്നും വിട്ടുനില്‍ക്കുമെങ്കിലും യൂ ട്യൂബില്‍ സജീവമായിരിക്കുമെന്നും കുറ്റകരമല്ലാത്ത ഉള്ളടക്കം നിര്‍മിക്കാനും പിന്തുണ നല്‍കാനും റുഹാന്‍ ആവശ്യപ്പെട്ടു. തന്നില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് സംഗീത വഴിയിലുള്ളവര്‍ മാറി നടക്കാനും റുഹാന്‍ ആവശ്യപ്പെടുന്നുണ്ട. 2019ല്‍ പുറത്തിറങ്ങിയ മിയാ ഭായ് എന്ന റാപ്പ് ഗാനം 500 മില്യണ്‍ കാഴ്ച്ചക്കാരാണ് യൂ ട്യൂബില്‍ മാത്രമായി ലഭിച്ചത്. അവസാനമായി പുറത്തിറങ്ങിയ ‘അപ്ന ദോര്‍ ആയേഗ’ എന്ന റാപ്പ് മിയ ഭായിയുടെ വിജയത്തിന് ശേഷം റുഹാന്‍ നേരിട്ട പ്രയാസവും അതിജീവനവുമാണ് സംസാരിക്കുന്നത്.


