

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കി. പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് പാണക്കാട് തങ്ങളുടെ മയ്യിത്ത് ഖബറടക്കിയത്. പതിനായിരങ്ങളാണ് പങ്കെടുത്തത്. പിതാവ് പി എം എസ് എ പൂക്കോയ തങ്ങള്‍ക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കു സമീപമായിരുന്നു ഹൈദരലി തങ്ങളുടെ ഖബര്‍.

പാണക്കാട് ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഖബറടക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നേരത്തെയാക്കുകയായിരുന്നു. മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം അര്‍ധരാത്രി 12.15ഓടെ പാണക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോവുകായയിരുന്നു.

