
കൊച്ചി: ഇന്ത്യയിലെ വളര്‍ന്നുവരുന്ന സംരംഭകരെ തിരിച്ചറിയാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് ഐ ബി എമ്മിന്റ സംരംഭമായ ഐ ബി എം ക്യു ടു ഡി ആരംഭിച്ചു. നൂതന പരിപാടിയുമായി സഹകരിക്കാനും പങ്കുചേരാനും ധാരണാപത്രത്തില്‍ ഒപ്പുവെക്കാനും കോളജുകളെയും സര്‍വകലാശാലകളെയും ക്ഷണിച്ചു.

ഐ ബി എം ക്യു ടു ഡി വഴി വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക സാങ്കേതിക പരിശീലനം, വ്യവസായ വിദഗ്ധരില്‍ നിന്നുള്ള മെന്റര്‍ഷിപ്പ്, യഥാര്‍ഥ ലോക പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ എന്നിവ ലഭിക്കും. എ ഐ, ക്ലൗഡ്, സൈബര്‍ സുരക്ഷ തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കാനും നിക്ഷേപ അവസരങ്ങള്‍ സുഗമമാക്കാനും നൂതന ആശയങ്ങള്‍ വിജയകരമായ ബിസിനസുകളാക്കി മാറ്റാനും ഈ സംരംഭം സഹായിക്കും.
ഐ ബി എം സംഘടിപ്പിച്ച സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ നേതൃപാടവത്തിന്റെ പുനര്‍നിര്‍വചനം സെമിനാര്‍ മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ ഐ ബി എം സെക്യൂരിറ്റിയിലെ സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട് തേജസ്വിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
മനുഷ്യചരിത്രത്തിലെ ഏതൊരു ഘട്ടത്തിലും കാണാത്ത രീതിയിലാണ് സാങ്കേതികവിദ്യ അതിവേഗത്തില്‍ മുന്നേറുന്നതെന്ന് തേജസ്വിനി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദം അതിശയിപ്പിക്കുന്ന വേഗത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ് സാക്ഷിയായത്. വരാനിരിക്കുന്ന ദശാബ്ദം ഇപ്പോഴുള്ളതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. ഈ സാങ്കേതിക പുരോഗതി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, കാരണം ഇതാണ് ഈ ദശാബ്ദത്തിന്റെ പുരോഗതിയുടെ താക്കോലെന്നും തേജസ്വിനി പറഞ്ഞു.
സാങ്കേതികവിദ്യയെ അവഗണിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കില്ല. അതിനെ അംഗീകരിച്ചുകൊണ്ട് അതിനൊപ്പം വളരുകയും അതിന്റെ സങ്കീര്‍ണതകളും വെല്ലുവിളികളും നേരിടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നമുക്ക് ഇത്രയും മാറ്റം വേണ് എന് പറഞ്ഞ് ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ലെന്നും മാറ്റം ഒഴിവാക്കാനാകാത്ത യാഥാര്‍ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുമ്പോള്‍ അതോടൊപ്പം ചില പ്രശ്‌നങ്ങളും വെല്ലുവിളികളും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ നേതൃപാടവത്തിന്റെ പുനര്‍നിര്‍വചനം ആവശ്യമായിരിക്കുന്നതെന്നും തേജസ്വിനി ഉദ്ഘാടന പ്രസംഗത്തില്‍ വിശദമാക്കി.
വ്യവസായ മേഖലയിലും അക്കാദമിക് ലോകത്തും ഇന്ന് പ്രതീക്ഷകള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ഐ ബി എം ബിസിനസ് ഡവലപ്‌മെന്റ് ലീഡര്‍ ഹരി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിശോധിച്ചാല്‍ ക്യാമ്പസിലായാലും വ്യവസായ സ്ഥാപനങ്ങളിലേക്ക് കടന്നുവരുമ്പോഴും അവര്‍ക്കു ഏറ്റവും ആവശ്യം മാര്‍ഗനിര്‍ദേശവും പിന്തുണയുമാണ്. ആധിപത്യം പ്രകടിപ്പിക്കുന്ന സമീപനങ്ങള്‍ ഫലപ്രദമല്ലെന്നും അത്തരം രീതികള്‍ ഇന്നത്തെ കാലത്തിനൊത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളും അക്കാദമിക് രംഗവും വ്യവസായ ലോകവും ഒരുമിച്ച് വളരണമെങ്കില്‍ സൗഹൃദപരമായ പങ്കാളിത്തമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ഐ ബി എം- ക്യു ടു ഡി സംയുക്ത സംരംഭമായ പേള്‍ ചടങ്ങില്‍ പുറത്തിറക്കി.
ക്യു ടു ഡി അക്കാദമിക്‌സ് ഡയറക്ടര്‍ ബിനി തോമസ്, ക്യു ടു ഡി പ്രോഗ്രാംസ് ആന്റ് ഇനീഷ്യേറ്റീവ്‌സ് അക്കാദമിക് അഡൈ്വസര്‍ ഡോ. രാജേഷ് ഡിസൂസ, ക്യു ടു ഡി സി ഒ ഒ ഗോപിക എസ് നായര്‍, ഐ ബി എം ഡെലിവറി ഹെഡ് വിഖറുഡിന്‍ സുര്‍കി തുടങ്ങിയവര്‍ പ്രസംഗിച്ചു.

