പുസ്തകമേള സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തറുമായി (ക്വിഖ്) ചേര്‍ന്ന് പുസ്തക മേള- സീസണ്‍ 7 സംഘടിപ്പിച്ചു.

city exchange

ഐ സി ബി എഫ് അങ്കണത്തില്‍ നടന്ന പുസ്തകമേള പ്രവാസി കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകള്‍ കൈമാറുന്നതിനും അതുവഴി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിനും വേദിയൊരുക്കി.

പുസ്തകമേളയില്‍ കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ ആവശ്യമായവര്‍ക്ക് കൈമാറാനും തങ്ങള്‍ക്ക് അടുത്ത ക്ലാസ്സുകളിലേക്ക് ആവശ്യമുള്ളവ തെരഞ്ഞെടുക്കാനും അവസരമുണ്ടായിരുന്നു. ഇത് സാമ്പത്തിക ലാഭത്തോടൊപ്പം തന്നെ, ആവശ്യമായ പുസ്തകങ്ങള്‍ യഥാസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുവാനും സാധിച്ചു.

കൈമാറ്റം ചെയ്യാന്‍ പുസ്തകങ്ങളില്ലാതിരുന്നവര്‍ക്കും ആവശ്യമായ പുസ്തകങ്ങള്‍ തികച്ചും സൗജന്യമായി തെരഞ്ഞെടുക്കാന്‍ സൗകര്യം ഉണ്ടായിരുന്നു.

- Advertisement -
Ad image

പുസ്തകമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ വ്രിപുല്‍ നിര്‍വ്വഹിച്ചു. വ്യതസ്തമായ ആശയത്തെ അദ്ദേഹം അഭിനന്ദിക്കുകയും വരുംകാലങ്ങളില്‍ ഇത്തരം പരിപാടികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

കുട്ടികളില്‍ പരസ്പര സ്‌നേഹവും സഹാനുഭൂതിയും വളര്‍ത്തുന്നതാണ് ഇത്തരം പരിപാടികളെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതം ആശംസിച്ചു. ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോന്‍, കഴിഞ്ഞ ആറ് വര്‍ഷമായി നടന്നുവരുന്ന പുസ്തകമേളയെക്കുറിച്ച് വിവരിക്കുകയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഐ സി സി നല്കിയ പിന്തുണക്ക് നന്ദി പറയുകയും ഈ വര്‍ഷം ഐ സി ബി എഫുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തു.

ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗവും ക്വിഖ് രക്ഷാധികാരിയുമായ സറീന അഹദ് പുസ്തകമേള മുന്നോട്ട് വക്കുന്ന ആശയത്തെക്കുറിച്ചും അത് നല്കിയ പ്രചോദനത്തെക്കുറിച്ചും സംസാരിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് .സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഐ സി ബി എഫ്- ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം എടുത്ത് പറഞ്ഞു.

ക്വിഖ് ജനറല്‍ സെക്രട്ടറി ആഷ ചുങ്കത്ത് ഏകോപിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ട്രഷറര്‍ ലസിത ഗിരീഷ് നന്ദി പറഞ്ഞു.

അഞ്ച് ദിവസങ്ങളിലായി നടന്ന പുസ്തകമേള രണ്ടായിരത്തിലധികം കുടുംബങ്ങള്‍ പ്രയോജനപ്പെടുത്തി.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനം ലഭിക്കുന്നതോടൊപ്പം തന്നെ, സുസ്ഥിരമായ വിഭവ സംരക്ഷണത്തിലൂടെ പരിസ്ഥിതിയോടുള്ള നമ്മുടെ കടമ ഊട്ടിഉറപ്പിക്കുന്നതുകൂടിയായിരുന്നു ഐ സി ബി എഫ്- ക്വിഖ് പുസ്തകമേള സീസണ്‍- 7.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ്, ക്വിഖ് വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ, സെക്രട്ടറി ഷഹിന ഷംനാദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെഹ്ന, ഹംന, സോമി, ജില്‍ന, ഷഹനാസ്, ഫസീല, നിഷ, തങ്കം, ഷരീന്‍, റെജീന, സാബിറ, ലീന, റംഷിദ, ഉപദേശക സമിതി അംഗം ലിജി രതീഷ്, ക്വിഖ് മുന്‍ പ്രസിഡന്റ് ബിനി വിനോദ്, കൂടാതെ ഐ സി ബി എഫ് കമ്മ്യൂണിറ്റി വോളന്റിയര്‍മാരും ക്വിഖ് വോളന്റിയര്‍മാരും പുസ്തകമേളയുടെ ആസൂത്രണത്തിലും നടത്തിപ്പിലും സജീവമായി രംഗത്തുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!