
ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി എ ഐ ഫോര്‍ എവരിവണ്‍- മാസ്റ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വര്‍ക്ക് സെമസ്റ്റര്‍ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടന്ന പരിപാടിയില്‍ സാങ്കേതികവിദ്യാ പ്രേമികള്‍, സമൂഹ നേതാക്കള്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

എഐനെറ്റ് കാമ്പസിന്റെയും ന്യൂറോസ്റ്റ എഐ സൊല്യൂഷന്‍സിന്റെയും സ്ഥാപകന്‍ ഫായിസ് ഹുസൈന്‍ സെഷന്‍ നയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഏതൊരു വലിയ സാങ്കേതിക പരിണാമത്തെയും പോലെ എഐയും അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ കൊണ്ടുവരുന്നു എന്നും അതേസമയം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതും കാര്യക്ഷമവും ഉത്പാദനക്ഷമവുമാക്കാന്‍ ഇതിന് കാര്യമായ സാധ്യതയുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റ് കോപൈലറ്റ്, ജെമിനി തുടങ്ങിയ ജനപ്രിയ എഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ ഒരു അവലോകനം അദ്ദേഹം നല്‍കി.
പരിപാടിയില്‍ ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് റിസോഴ്‌സ് പേഴ്‌സണെ സദസ്സിന് പരിചയപ്പെടുത്തി.
ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് എന്‍ വി ഖാദര്‍, ഐ സി ബി എഫ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി ബോബന്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇര്‍ഫാന്‍ അന്‍സാരി, അമര്‍ വീര്‍ സിംഗ്, ശങ്കര്‍ ഗൗഡ്, ഖാജ നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

